തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം തലസ്ഥാന നഗരിയില്‍ നടന്നു. വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ വച്ച് നടന്ന ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പുരസ്കാര വിതരണം.
വിവിധ വിഭാഗങ്ങളിലായി 53 അവാര്‍ഡുകളാണ് നല്‍കിയത്. ഒപ്പം ജെസി ഡാനിയേല്‍ പുരസ്കാരവും ഇന്ന് വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി എകെ ബാലന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവര്‍ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ സംവിധായകന് മധു സി നാരായണന് ഏറ്റുവാങ്ങി. സ്വാസിക സ്വഭാവ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു മികച്ച സംവിധായകന്.
സിനിമാ വിഭാഗത്തിന് നാല് പ്രധാന പുരസ്കാരങ്ങളാണുള്ളത്. മികച്ച ചിത്രം (നാലു ലക്ഷം രൂപ), മികച്ച രണ്ടാമത്തെ ചിത്രം (മൂന്ന് ലക്ഷം), മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം (രണ്ടു ലക്ഷം), മികച്ച കുട്ടികളുടെ ചിത്രം (നാലു ലക്ഷം) എന്നിങ്ങനെയാണ് അവാര്‍ഡുകള്‍.
വ്യക്തിഗത ഇനങ്ങള്‍ ഇനിപ്പറയുന്നവയാണ്. ഇതില്‍ അഭിനയ വിഭാഗത്തില്‍ മികച്ച സംവിധാനം (രണ്ടു ലക്ഷം), മികച്ച നടന് (ഒരു ലക്ഷം), മികച്ച നടി (ഒരു ലക്ഷം), മികച്ച സ്വഭാവ നടന് (അന്‍പതിനായിരം), മികച്ച സ്വഭാവ നടി (അന്‍പതിനായിരം), മികച്ച ബാലതാരം (അന്‍പതിനായിരം) എന്നിവയാണ്.
Discussion about this post