പെരുമ്പാവൂർ: വെങ്ങൂർ പഞ്ചായത്തംഗം സജി പിയുടെ ആത്മഹത്യ ഉൾക്കൊള്ളാനാകാതെ ഞെട്ടലിലാണ് നാട്ടുകാരും പഞ്ചായത്തിലെയും പാർട്ടിയിലെയും സഹപ്രവർത്തകരും.ഇന്നലെ രാത്രി വരെ പൊതുകാര്യങ്ങളുമായി ഓടി നടന്നിരുന്ന സജി ഈ നിമിഷം മുതൽ കൂടെയില്ലെന്ന് ഇവർക്കാർക്കും വിശ്വസിക്കാനാകുന്നില്ല.
മുഖ്യമന്ത്രി ഓൺലൈനായി സംസ്ഥാനതലത്തിൽ നടത്തിയ ലൈഫ് പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പഞ്ചായത്തിൽ നടന്ന പരിപാടികളുടെ ഓട്ടപ്പാച്ചിലിലായിരുന്നു സജി. എല്ലാവർക്കും ഭക്ഷണം വിളമ്പി പാത്രങ്ങൾ വരെ കഴുകിവെച്ച ശേഷമാണ് സജി രാത്രി മടങ്ങി പോയതെന്ന്, അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന വേങ്ങൂർ സിപിഎം ലോക്കൽ സെക്രട്ടറി ജോർജ് ജോയ് പറയുന്നു.
‘പൊതുകാര്യങ്ങളിൽ വളരെ സജീവമായിരുന്നു സജി. അതുകൊണ്ടു തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഇരുന്നൂറിലേറെ വോട്ടുകൾക്ക് ജയിച്ചതും. ഇന്ന് രാവിലെ പഞ്ചായത്ത് കമ്മറ്റി ഉണ്ടായിരുന്നു. ഒമ്പതരയോടെ ഒമ്പതാം വാർഡ് മെമ്പർ ബിജു വിളിച്ചപ്പോൾ കമ്മറ്റിയ്ക്ക് വരാനായി റെഡിയാവുന്നെന്നാണ് പറഞ്ഞത്. പക്ഷേ, ഒരു മണിക്കൂറിന് ശേഷം മരണ വാർത്തയാണ് കേട്ടത്’- ജോർജ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.
വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സജിയെ കണ്ടെത്തിയത്. വാതിൽ പൊളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പെരുമ്പാവൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 55കാരനായ സജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. മകൾ വിവാഹിതയാണ്. മകൻ കാനഡയിലാണ്.
Discussion about this post