കസവു മുണ്ടുടുത്ത് പിങ്ക് നിറത്തിലുള്ള ഷർട്ടും ധരിച്ച് തനിനാടൻ മലയാളി പയ്യനായി അണിഞ്ഞൊരുങ്ങി വധുവിനെ തേടിയാൽ ആരുടെ മനസാണ് ഇളകാത്തത്. പറഞ്ഞുവരുന്നത് സോഷ്യൽമീഡിയയിൽ ഹിറ്റായ വ്യത്യസ്തമായ ഒരു കല്ല്യാണാലോചനയെ കുറിച്ചാണ്.
വീട്ടിൽ വളർത്തുന്ന തന്റെ അരുമയായ വളർത്തുനായയ്ക്ക് വേണ്ടിയാണ് ഒരാൾ വധുവിനെ ആവശ്യമുണ്ട് എന്ന വിവാഹ പരസ്യം നൽകി കാത്തിരിക്കുന്നത്. പരസ്യം വലിയ ഹിറ്റായതോടെ ഇത് തമാശയ്ക്ക് ചെയ്തതല്ലെന്നും കാര്യം സീരിയസാണെന്നും പോസ്റ്റന്റെ ഉടമ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളിത്തത്തിന് കുറവൊന്നുമില്ലാത്ത പഗ്ഗ് ആണ് വരൻ. വിവാഹ പരസ്യത്തിൽ വരന്റെ മനോഹരമായ ചിത്രങ്ങളും നൽകിയിട്ടുണ്ട്. കസവു മുണ്ടും അതിനുചേരുന്ന പിങ്ക് സിൽക്ക് ഷർട്ടുമണിഞ്ഞ് കിടിലൻ ഗെറ്റപ്പിലാണ് പഗ്ഗ് വരൻ.
ഇരുകാലുകളിൽ നിവർന്നു നിൽക്കുന്ന പഗ്ഗിന്റെ ഫോട്ടോ ഓമനത്തം തുളുമ്പുന്നതാണ്. തന്റെ ഓമന നായയ്ക്ക് ഏറ്റവും നല്ല ഒരു പങ്കാളി വേണമെന്ന് തോന്നിയപ്പോഴാണ് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയതെന്നാണ് ഉടമസ്ഥന്റെ വിശദീകരണം. ഏതായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Discussion about this post