ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം: യാക്കോബായ സഭാ നേതാക്കളെ കണ്ട് പിഎസ് ശ്രീധരന്‍ പിള്ള

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാനുള്ള പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ തുടര്‍ച്ചയായി യാക്കോബായ സഭാ ആസ്ഥാനത്ത് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള എത്തി. പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്തായിരുന്നു.

രാവിലെ ഒമ്പതരയോടെ പുത്തന്‍കുരിശിലെ പാത്രിയാര്‍ക്ക സെന്ററില്‍ എത്തിയ അദ്ദേഹം യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയേയും മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയേയും തിരുമേനിമാരേയും സഭാ ഭാരവാഹികളേയും കണ്ട് ചര്‍ച്ച നടത്തി. ഓര്‍ത്തഡോക്‌സ് സഭാ നേതാക്കളുമായും ഇന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. മാറ്റത്തിന്റെ ലക്ഷണങ്ങളുണ്ടെന്നും ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായും തര്‍ക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവുമായും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിഎസ് ശ്രീധരന്‍പിള്ളയായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പിഎസ് ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനം.

Exit mobile version