ആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടവെ, ആലപ്പുഴ ബൈപാസ് റോഡില്‍ അപകടം. തടിയുമായെത്തിയ ലോറി ബൈപാസ് റോഡിലെ ടോള്‍ ബൂത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ ശേഷം നിര്‍ത്താതെ പോയ ലോറിക്കായി തെരച്ചില്‍ നടത്തി വരികയാണ്. വെളുപ്പിനാണ് അപകടം നടന്നത്.
ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലാണ് ടോള്‍ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. തടികയറ്റി പോവുന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷ്ണം ടോള്‍പ്ലായിലെ കാബിനില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ടോള്‍ പ്ലാസയിലെ ഒരു കാബിന്‍ മാത്രമാണ് തകര്‍ന്നത്. മറ്റ് ഗേറ്റുകള്‍ക്കും കാബിനുകള്‍ക്കും തകരാറില്ല.
വെള്ളിയാഴ്ചയാണ് ആലപ്പുഴ ബൈപ്പാസ് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്ക് മൂലം കഴിഞ്ഞ ദിവസവും അപകടം സംഭവിച്ചിരുന്നു. ബൈപാസിലേക്ക് പ്രവേശിക്കാന്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ കളര്‍കോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളായിരുന്നു കാത്തുകിടന്നത്. മണിക്കൂറുകളോളം കാത്തു നിന്ന വാഹനങ്ങള്‍ ബൈപ്പാസിലേക്ക് പ്രവേശിച്ചതോടെ വലിയ ഗതാഗതകുരുക്ക് ഉണ്ടായി. തുടര്‍ന്ന് പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും ചെയ്തിരുന്നു.
അരനൂറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതുംകൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളാണ് ഉള്ളത്.