തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവിന് തടയിടാനും പാളിപ്പോയ നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടുവരാനും പോലീസ് ഇന്നിറങ്ങും. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പോലീസ് പരിശോധനകൾ കർശ്ശനമാക്കാനാണ് തീരുമാനം. ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനാണ് പോലീസ് മുൻഗണന നൽകുന്നത്.
ജനങ്ങൾ മാസ്‌ക് ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും. തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് പിടിവിട്ട കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനാണ് ഇന്ന് മുതൽ വീണ്ടും പോലീസ് പരിശോധന.
മുഴുവൻ സേനാംഗങ്ങളും വീണ്ടും കോവിഡ് പ്രതിരോധത്തിന് രംഗത്തിറങ്ങണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകിയിട്ടുണ്ട്. സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഉള്ള സ്ഥലങ്ങളിൽ അവർക്കൊപ്പം ചേർന്നാകും പോലീസ് പ്രവർത്തിക്കുന്നത്. ഹൈവേ പെട്രോൾ, കൺട്രോൾ റൂം വാഹനങ്ങൾ എന്നിവയും കോവിഡ് പ്രതിരോധത്തിലേക്ക് നീങ്ങും. അടുത്തമാസം 10വരെ കർശനമായ പരിശോധനയും നിയന്ത്രണങ്ങളും ഉണ്ടാകും. ഒഴിവാക്കാനാവാത്ത കാരണങ്ങൾ ഉള്ള പോലീസുകാർക്ക് മാത്രമേ ഇക്കാലയളവിൽ അവധി നൽകൂ എന്നു ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെയ്ക്കാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതല. ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നാണ് പോലീസ് സേനയ്ക്ക് നൽകിയിട്ടുള്ള പ്രധാന നിർദേശം.
ഇതോടൊപ്പം തന്നെ, അടച്ചിട്ട ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ ആളെണ്ണം കുറയ്ക്കണം എന്ന് ഇന്നലെ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇത്തരം സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന പരിശോധനയുണ്ടാകും. സ്‌പെഷ്യൽ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും എസ്പിമാർക്ക് ഉപയോഗിക്കാം.