തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളില്‍ ജാഗ്രതക്കുറവ് സംഭവിച്ചു, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും, മാസ്ക് ധരിക്കുന്നതിലും വീഴ്ചയുണ്ടാക്കി. ജനങ്ങള്‍ സ്വയം ജാഗ്രത പാലിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കേസുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ പൊലീസ് നീരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തും. ബസ് സ്റ്റാന്‍ഡ്. ഷോപ്പിംഗ് മാള്‍ അടക്കം ഉള്ള സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തും. മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കും. നാളെ മുതല്‍ ഫെബ്രുവരി 10 വരെ 25000 പോലീസ് ഉദ്യോഗസ്ഥറെ വിന്യസിക്കും.
രോഗ വ്യാപനത്തിന് ഇടയാക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങുകള്‍ തുറസ്സായ സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിച്ച് നടത്തണം. വിവാഹ ചടങ്ങുകളില്‍ പങ്കാളിത്തം പരിമിതപ്പെടുത്തണമെന്നും ഇതിനായി ഹാള്‍ ഉടമകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാത്രി യാത്ര നിരോധിക്കുന്നില്ലെങ്കിലും പത്ത് മണിക്ക് ശേഷമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മാസ്ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ടെന്നും നിയന്ത്രണങ്ങളില്‍ അയവ് വന്നപ്പോള്‍ കോവിഡിനെ ഭയക്കേണ്ടതില്ലെന്ന ചിന്ത ജനങ്ങളില്‍ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം കോവിഡിനെതിരെ മാതൃകാപരമായാണ് പൊരുതുന്നത്. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയേ കോവിഡിനെ മറികടക്കാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ഉണ്ടായിരുന്നു. അവര്‍ ഫലപ്രദമായാണ് പ്രവര്‍ത്തിച്ചിരുന്നത്. രോഗബാധിതരുമായും അവരുടെ ബന്ധുക്കളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വാര്‍ഡ് തല സമിതി കോവിഡ് വ്യാപനം തടയാന്‍ മുന്‍നിരയില്‍ പ്രവൃത്തിച്ചു.
എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വാര്‍ഡ് തല സമിതി നീര്‍ജീവമായിരുന്നു. ഇപ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി പുതിയ ഭരണസമിതി വന്ന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികള്‍ പുനരുജ്ജീവിപ്പിക്കും.
Discussion about this post