കോന്നി: എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കോന്നി മെഡിക്കൽ കോളേജിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് ഉച്ചയ്ക്ക് 2 മണിക്ക് ജലവിഭവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കുമെന്ന് അഡ്വ. കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
നബാർഡ് ധനസഹായത്തോടെ 13.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. റവന്യൂ വകുപ്പ് സൗജന്യമായി ലഭ്യമാക്കിയ ഒരേക്കർ സ്ഥലത്താണ് ശുദ്ധീകരണ ശാലയും ജലസംഭരണിയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്.
പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജിന് സമീപം സ്ഥാപിച്ച ശുദ്ധീകരണ ശാലയിൽ പ്രതിദിനം 50 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിയും. അരുവാപ്പുലം പഞ്ചായത്ത് പരിധിയിൽ അച്ഛൻകോവിൽ ആറിന്റെ തീരത്ത് മട്ടയ്ക്കൽ കടവിൽ നിർമ്മിച്ച കിണറിൽ നിന്ന് 4.52 കിലോ മീറ്റർ ദൂരം 300 എംഎം വ്യാസമുള്ള ഡിഐ പമ്പിംഗ് മെയിനിലൂടെയാണ് ജലം മെഡിക്കൽ കോളജിന് സമീപമുള്ള ശുദ്ധീകരണശാലയിലേക്ക് എത്തിക്കുന്നത്. ഇതിനായി കിണറിനോട് ചേർന്ന് 15 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.
ശുദ്ധീകരണ പ്രക്രിയ പൂർത്തിയായ ശേഷം ഇവിടെനിന്ന് വെള്ളം ഏഴ് ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജലസംഭരണിയിലേക്കും അവിടെ നിന്ന് 15 എച്ച്പി ശേഷിയുള്ള പമ്പ് ഉപയോഗിച്ച് മുകളിൽ സ്ഥാപിച്ചിട്ടുള്ള 10 ലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളുന്ന സംഭരണിയിലേക്കും മാറ്റും. അവിടെ നിന്നാകും ശുദ്ധീകരിച്ച ജലം 350 മീറ്റർ ദൂരെയുള്ള മെഡിക്കൽ കോളജിലേക്ക് എത്തിക്കുക.
500 കിടക്കകളുള്ള ആശുപത്രിക്കും 500 വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും ഹോസ്റ്റലിനും കോട്ടേഴ്സിനും ആവശ്യമായ 30 ലക്ഷം ലിറ്റർ ശുദ്ധജലം ഈ പദ്ധതിയിലൂടെ പ്രതിദിനം ലഭിക്കും. കൂടാതെ, അരുവാപ്പുലം പഞ്ചായത്തിലെ 1,2,14,15 വാർഡുകളിലായുള്ള 5000 ത്തോളം കുടുംബങ്ങൾക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ഇതിനായുള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും എംഎൽഎ അറിയിച്ചു.
Discussion about this post