കൊച്ചി: ഭർത്താവ് വായിൽ രാസവസ്തു ഒഴിച്ചതിനെ തുടർന്ന് മരണാസന്നയായ യുവതിയെ ഒടുവിൽ നാട്ടിലെത്തിച്ചു. വിദേശത്ത് വെച്ചാണ് ചോറ്റാനിക്കര സ്വദേശിനിയായ യുവതി ഭർത്താവിന്റെ ക്രൂരതക്കിരയായത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ യുവതി നിയമസഹായത്തിനായി അലയുകയായിരുന്നു. കൊച്ചി ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന ശ്രുതി ഇപ്പോൾ ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെയാണ്. അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞ രാസവസ്തു ശ്രുതിയുടെ സംസാരശേഷിയും നഷ്ടമാക്കി. പോലീസിനും സംസ്ഥാന വനിതാകമ്മിഷനും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു.
രണ്ട് വർഷം മുമ്പാണ് ഐടി ഉദ്യോഗസ്ഥയായിരുന്ന ശ്രുതി വിവാഹശേഷം തൃശ്ശൂർ സ്വദേശിയായ ഭർത്താവിനൊപ്പം കാനഡയിലേക്ക് പോയത്. ലഹരിക്ക് അടിമയായിരുന്ന ഭർത്താവ് ശ്രുതിയ്ക്കും നിർബന്ധപൂർവം ലഹരി നൽകിയിരുന്നു. ഇതിനെ എതിർക്കുമ്പോൾ ക്രൂരമായുള്ള മർദനവും പതിവായിരുന്നു. ലഹരി ഉപയോഗിക്കാൻ വിസമ്മതിച്ചപ്പോൾ കഴിഞ്ഞ മേയ് 14ന് പൈപ്പുകളിലെ മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചെന്നാണ് പരാതി.
ഇതേ തുടർന്ന് ഗുരുതരാവസ്ഥയിലായ ശ്രുതി അഞ്ച് മാസത്തോളം കാനഡയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 12നാണ് മാതാപിതാക്കൾ നാട്ടിലെത്തിച്ചത്. ഭർത്താവിന്റെ ക്രൂരതയ്ക്കെതിരെ ചോറ്റാനിക്കര പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. കാനഡയിലെ ആശുപത്രിയിൽ വച്ച് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഡോക്ടർമാരെ ശ്രുതി അറിയിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് തുടർനടപടിക്ക് പോലീസ് മടിക്കുന്നത്. എന്നാൽ ഭർത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് അപ്പോൾ അങ്ങനെ പറയേണ്ടി വന്നതെന്ന് പിതാവ് പറയുന്നു.
Discussion about this post