പാലക്കാട്: പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. തലയെടുപ്പില്‍ കര്‍ണനെ വെല്ലാന്‍ ആരുമില്ലായിരുന്നു. ഏതു കൊമ്പന്റെ കൂടെ നിന്നാലും ഇവനായിരുന്നു രാജാവ്. എഴുന്നള്ളത്ത് തുടങ്ങും മുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്‍പ് കാണേണ്ടതു തന്നെയാണ്. ഉടല്‍ നീളമായിരുന്നു കര്‍ണന്റെ മറ്റൊരു പ്രത്യേകത.
57വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു കര്‍ണന്‍ ചരിഞ്ഞത്. വിവിധ അസുഖങ്ങള്‍ മൂലം ചികിത്സയില്‍ ആയിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.
1963ല്‍ ബിഹാറിലായിരുന്നു ജനനം. 1991 ല്‍ വാരണാസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തിലേക്കെത്തുന്നത്. കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്.
ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ ഏറ്റവും അധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നീ മൂന്ന് വമ്പന്‍മാരാണ് തറവാട്ടിലെ ഏറ്റവും പ്രശസ്തര്‍. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍.
1989ലാണ് കര്‍ണനെ ബിഹാറിലെ ചാപ്രയില്‍ നിന്ന് നാനു എഴുത്തച്ഛന്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. 2000ലാണ് മംഗലാംകുന്ന് കുടുംബം കര്‍ണനെ വാങ്ങുന്നത്. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണപതി ക്ഷേത്രത്തിലെ തലപ്പൊക്കത്തിനുള്ള മത്സരത്തില്‍ 9 വര്‍ഷം തുടര്‍ച്ചയായി വിജയിയായിരുന്നു കര്‍ണന്‍. കേരളത്തിലങ്ങോളമിങ്ങോളം നടന്ന തലപ്പൊക്കത്തിനുള്ള മത്സരങ്ങള്‍ വിജയിയായിരുന്നു. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എഴുന്നള്ളത്ത് തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുംവരെ പ്രൗഢമായ നില്‍പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ക്കൊപ്പം നില്‍ക്കുമ്പോഴും ഇതാണ് കര്‍ണനെ വ്യത്യസ്തനാക്കുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം.
മദപ്പാടുകാലത്തുപോലും തികഞ്ഞ ശാന്തസ്വാഭാവിയായിരുന്നു. ഇടവപ്പാതിക്കുശേഷമാണ് മദപ്പാട്കാലം. ഈ സമയത്തുപോലും കര്‍ണന്‍ ശല്യക്കാരനല്ലെന്ന് ഉടമകള്‍ പറയുന്നു. മംഗലാംകുന്ന് ആനത്തറവാട്ടിലെ വാഹനങ്ങള്‍ കാണ്ടാല്‍പ്പോലും കര്‍ണന്‍ തിരിച്ചറിയും. വീട്ടുകാരെ കണ്ടാല്‍ വല്ലതും ഭക്ഷിക്കാന്‍കിട്ടും വരെ പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അടുത്തുകൂടും.