തിരുവനന്തപുരം: പോതുമേഖലാ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് സരിത എസ് നായർ ഉൾപ്പടെയുള്ളവർ പണം തട്ടിയെന്ന കേസിൽ പരാതിക്കാരന് നേരെ വധഭീഷണി. പൊതുമേഖലാസ്ഥാപനത്തിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തെന്ന് പരാതി നൽകിയ നെയ്യാറ്റിൻകര സ്വദേശിക്കെതിരെയാണ് ഭീഷണിയുണ്ടായത്. ഇയാളെ കേസിലെ രണ്ടാം പ്രതിയായ ഷാജു പാലിയോട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പരാതിയെ തുടർന്ന് ഷാജുവിനെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു. സരിതയ്‌ക്കെതിരെ പരാതി നൽകിയതിന് ശേഷം തന്നെ ഓഫീസിലെത്തി ചിലർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരൻ പറയുന്നത്. ഷാജു തന്നെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പരാതിക്കാരൻ പോലീസിന് കൈമാറിയിട്ടുണ്ട്. തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയശേഷം വ്യാജനിയമന ഉത്തരവുകൾ നൽകിയെന്ന പരാതിയിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാജു പാലിയോടിനെ കൂടാതെ ഇടനിലക്കാരനായി പ്രവർത്തിച്ച ടി രതീഷിനേയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
രതീഷും ഷാജുവും ചേർന്നാണ് പണം വാങ്ങിയതന്നാണ് സൂചന. ഇവർ ഇരുപതോളം പേരിൽ നിന്നും സമാനരീതിയിൽ പണം തട്ടിയതായി പോലീസ് സംശയിക്കുന്നുണ്ട്. കേസിലെ പ്രതികളിലൊരാളായ ടി രതീഷ് തദ്ദേശതെരഞ്ഞടുപ്പിൽ കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിൽ നിന്ന് വിജയിക്കുകയും ചെയ്തത് ഏറെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
സെക്രട്ടറിയേറ്റ് ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് സരിത എസ് നായർ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയതെന്നാണ് വിവരം. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. തുക തിരികെ നൽകാൻ ഇവർക്ക്‌മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും പരാതിക്കാർ പോലീസിന് മൊഴി നൽകി.
അതിനിടെ പണം നൽകി കേസ് ഒത്തുതീർക്കാനുള്ള ശ്രമം നടക്കുന്നതായ ആരോപണങ്ങളും ഉയർന്നിരുന്നു. ഇതേതുടർന്നാണ് പരാതിക്കാർ മാറിനിന്നതെന്ന സംശയവും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരന് നേരെ വധഭീഷണിയുണ്ടായിരുന്നെന്ന പരാതിയുമായി തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരൻ രംഗത്തെത്തിയിരിക്കുന്നത്.