തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തിൽ അഞ്ച് മരണം. കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചാണ് അഞ്ചു ജീവനുകൾ നഷ്ടമായത്. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുൺ, സൂര്യോദയകുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ. പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മിനി ലോറി ഇടിച്ചതിനെ തുടർന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു.
അപകടം നടന്ന ഉടൻ തന്നെ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. രണ്ടുപേർ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന അവസ്ഥയിലാണുള്ളത്.
Discussion about this post