കൊച്ചി: കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ജനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ കൊച്ചിയിലെ ഒരു 15കാരന്റെ അനുഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ പതിനഞ്ചുകാരന് കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്.
നവംബര്‍ ഇരുപതിന് കോവിഡ് നെഗറ്റീവായി കൃത്യം ഒരു മാസത്തിനുളളില്‍ ഡീനില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുമെത്തി. പനിയോടെയെത്തിയ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം കാഴ്ച ഞരമ്പുകളേയും ബാധിച്ചു. കൃത്യസമയത്ത് ചികിത്സ തുടങ്ങിയതിനാല്‍ കാഴ്ച ശക്തി ഭാഗികമായി മാത്രമേ നഷ്ടമായുള്ളൂവെന്ന് പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ചികിത്സ നടത്തി വരുന്നത്. തുടര്‍ചികിത്സയിലൂടെ കാഴ്ച തിരിച്ചുപിടിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രതീക്ഷ. അതേസമയം, മാര്‍ച്ചില്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ ഈ അവസ്ഥയില്‍ എങ്ങനെ എഴുതുമെന്ന ആശങ്കയും ഡീനിനും മാതാപിതാക്കളെ അലട്ടുന്നുണ്ട്.