തിരൂരങ്ങാടി: വിവാഹം കഴിഞ്ഞ് മടങ്ങവെ കാറിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയ കുടുംബത്തിന് തുണയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഷൊര്‍ണൂരില്‍ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുന്ന കടലുണ്ടി സ്വദേശികളായ കുടുംബത്തിനാണ് ഉദ്യോഗസ്ഥര്‍ തുണയായത്. കാറിന്റെ ടയര്‍ കടയില്‍ കൊണ്ടുപോയി പഞ്ചൊറൊട്ടിച്ച് ഫിറ്റ് ചെയ്ത് നല്‍കിയാണ് കുടുംബത്തിന് ഇവര്‍ സഹായമായത്.
ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ രണ്ടത്താണി വെച്ചാണ് സംഭവം. ഷൊര്‍ണൂരില്‍ നിന്നും വിവാഹം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ വച്ചാണ് കടലുണ്ടി സ്വദേശിയായ ലഞ്ജിത് കുടുംബമായി സഞ്ചരിച്ച കാറിന്റെ ടയര്‍ പഞ്ചറാവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്റ്റെപ്പിനി ടയര്‍ മുമ്പ് പഞ്ചറായത് കാരണം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ സമയത്ത് ഇതുവഴി പട്രോളിങ് നടത്തുകയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
ശേഷം, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുനീബ് അമ്പാളി, ടി പ്രബിന്‍, എം സലീഷ് എന്നിവരുടെ നേതൃത്വത്തില്‍ ടയര്‍ അഴിച്ചെടുത്ത് അവധി ദിവസമായതിനാല്‍ പഞ്ചര്‍ കട അന്വേഷിച്ചു കണ്ടെത്തുകയും ടയര്‍ പഞ്ചര്‍ അടച്ച് കാറില്‍ ഫിറ്റ് ചെയ്ത് കൊടുക്കുകയുമായിരുന്നു.
Discussion about this post