കാട്ടാക്കട: താരങ്ങള്‍ ബോഡി ബില്‍ഡിംഗ് ചെയ്ത് തങ്ങളുടെ സൗന്ദര്യം കാത്തുസൂക്ഷിച്ച് പ്രായം വെറും അക്കമാണെന്ന് ദിനം പ്രതി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സൗന്ദര്യത്തിലും ബാഹ്യഘടനയിലും മാത്രമല്ല, പഠനത്തിലും പ്രായം വെറും അക്കമാണെന്ന് തെളിയിച്ചിരിക്കുകയാണ് കുറ്റിച്ചല്‍ പച്ചക്കാട് ഗോകുലത്തില്‍ ഗോപകുമാറിന്റെ ഭാര്യ ജയശ്രീ. 50-ാം വയസില്‍ മക്കള്‍ക്കൊപ്പം പഠിക്കാന്‍ കോളേജില്‍ പോയ ജയശ്രീ നേടിയത് മൂന്നാം റാങ്കാണ്.
വക്കീല്‍ കോട്ട് അണിയാനാണ് ജയശ്രീയുടെ ലക്ഷ്യം. വിവാഹത്തിനു മുമ്പ് എംഎ ബിരുദവും എച്ച്ഡിസിയും നേടിയിരുന്നു. രണ്ടരപ്പതിറ്റാണ്ടിനുശേഷം ഇപ്പോള്‍ എല്‍എല്‍ബിയും ജയശ്രീ നേടിയിരിക്കുകയാണ്. മക്കളായ ഗോകുല്‍ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളേജില്‍ ഹോട്ടല്‍ മാനേജ്മെന്റിനും ഗോപിക യൂണിവേഴ്സിറ്റി കോളേജില്‍ ബിഎസ്സി ഫിസിക്സിനും പഠിക്കുകയാണ്.
മക്കള്‍ കോളേജില്‍ ചേരുമ്പോഴാണ് ജയശ്രീ നിയമപഠനമെന്ന തന്റെ ആഗ്രഹം ഭര്‍ത്താവിനോടും മക്കളോടും പങ്കുവെയ്ക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും ഭാര്യയുടെ ആഗ്രഹത്തിന് മരപ്പണിക്കാരനായ ഭര്‍ത്താവ് ഗോപകുമാര്‍ സമ്മതം മൂളി. ശേഷം, തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന കോഴ്സിന് ചേര്‍ന്നു.
കുറ്റിച്ചലില്‍നിന്ന് തലസ്ഥാനത്തേയ്ക്കുള്ള യാത്ര ഉള്‍പ്പെടെ തന്റെ എല്ലാ പ്രയാസങ്ങളും കണ്ടറിഞ്ഞ് അധ്യാപകരും സഹപാഠികളും വലിയ സഹായമാണ് നല്‍കിയതെന്ന് ജയശ്രീ പ്രതികരിക്കുന്നു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലാണ് ബിരുദത്തിന് പഠിച്ചത്. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദവും വിജയിച്ചു.
പിന്നാലെ എച്ച്ഡിസിയും പാസായി. വിവാഹത്തിനുശേഷം ഒരു ജോലി നേടുക എന്ന ലക്ഷ്യവുമായി ടൈപ്പ് റൈറ്റിങ്ങും ടാലിയും പാസായി. ഇപ്പോള്‍ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന് ആര് വിനോദിന് കീഴില്‍ പരിശീലനം നേടുകയാണിപ്പോള്‍. ശനിയാഴ്ചയാണ് എന്റോള്‍ ചെയ്യുന്നത്.
Discussion about this post