മലപ്പുറം: അന്ധകാരന്റെ തോഴനായാണ് ജനിച്ചുവീണതെങ്കിലും കർമ്മം കൊണ്ട് പുസ്തകങ്ങളുടേയും അക്ഷരങ്ങളുടേയും കളിക്കൂട്ടുകാരൻ ആവുകയായിരുന്നു ബാലൻ പൂതേരി. ഒരു കണ്ണിന് മാത്രം തെളിച്ചമുള്ള ഇദ്ദേഹം ഇതിനോടകം എഴുതി പൂർത്തിയാക്കി പ്രസിദ്ധീകരിച്ചത് ഇരുന്നൂറിലേറെ പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ കർമ്മനിരതയ്ക്ക് രാജ്യം പദ്മശ്രീ സമ്മാനിച്ചാണ് ആദരിച്ചിരിക്കുന്നത്.
കണ്ണുകളിലെ ഇരുട്ടിനെ വെളിച്ചമാക്കി അക്ഷര ലോകത്ത് പിച്ചവെച്ച ബാലൻ പൂതേരിക്ക് ഒടുവിൽ അർഹിച്ച അംഗീകാരമായി ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ പദ്മശ്രീ പുരസ്‌കാരം പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ശ്രീകൃഷ്ണനെയും ഭക്ത കവി സൂർദാസിനെയും മനസില് കുടിയിരുത്തിയാണ് ബാലന്റെ ഓരോ രചനകളും.
ജനിക്കുമ്പോൾ തന്നെ ബാലൻ പൂതേരിയുടെ വലത് കണ്ണിന് കാഴ്ച നഷ്ടമായിരുന്നു. ഇടത് കണ്ണിന് വെറും മൂന്ന് മീറ്റർ മാത്രം കാഴ്ച. ചെറിയ വെളിച്ചം മാത്രമുള്ള ഒരു കണ്ണിന്റെ കാഴ്ചകൊണ്ട് വായനയുടെ ലോകത്തേക്ക് സഞ്ചരിച്ച ബാലൻ പൂതേരി പിഎസ്എംഒ കോളേജിലെ എംഎ ചരിത്ര പഠനത്തിനുശേഷമാണ് 1983ൽ ആദ്യ പുസ്തകമായ ക്ഷേത്ര ആരാധനയെഴുതി പൂർത്തിയാക്കിയത്.
പിന്നീട് എഴുത്തിന്റെ ലോകത്തേക്ക് കടന്ന നീണ്ട സഞ്ചാരത്തിലായിരുന്നു. 1997ൽ അമ്പതാമത്തെ പുസ്തകമായ ‘ഗുരുവായൂർ ഏകാദശി’ പ്രസിദ്ധികരിച്ചു. തന്റെ പുസ്തകങ്ങൾ വച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ മുന്നിൽ തുലാഭാരം നടത്തിയാണ് ബാലൻ പൂതേരി സന്തോഷിച്ചത്. അറുപത്തിമൂന്ന് പുസ്തകങ്ങളുടെ രചന പിന്നിട്ടശേഷം തന്റെ ഇടത് കണ്ണിനും മങ്ങൽ മൂടുകയും പതിയെ കാഴ്ച പൂർണ്ണമായും നഷ്ടമാവുകയുമായിരുന്നു. എങ്കിലും ഓരോ ഐതിഹ്യകഥകളും സാരോപദേശ സന്ദേശങ്ങളും പുസ്തകമാക്കി കൊണ്ട് ജീവിതത്തോട് തന്നെ പടവെട്ടി.
മനസ്സിൽ തെളിയുന്ന വാക്യങ്ങൾ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ചിരുത്തി പറഞ്ഞു കൊടുക്കും. അവർ അത് കടലാസിലേക്ക് പകർത്തും. ശ്രീകൃഷ്ണചരിതവും മുത്തപ്പൻ കഥകളും എഴുതുന്ന വേളകളിൽ ഭക്തർ തന്നെയാണ് എഴുതാൻ എത്താറ്. 2017 ഒക്ടോബർ 19 ന് ‘ശ്രീനാരായണ ഗുരുദേവനും ഹൈന്ദവ നവോത്ഥാനവും’ എന്ന ഇരുന്നൂറാമത്തെ പുസ്തകം ഡോ. പികെ വാരിയർ പ്രകാശനം ചെയ്തു. ബാലൻ പൂതേരിയെ തേടി 2011ലെ കേരള സർക്കാറിന്റെ വികലാംഗ പ്രതിഭ പുരസ്‌കാരവും എത്തി.
ജയശ്രീ പുരസ്‌കാരം, ലത്തിൻ കത്തോലിക്ക ഐക്യവേദിയുടെ സുവർണ വിശിഷ്ട സേവാരത്‌നം ജൂബിലി പുരസ്‌കാരം, കുഞ്ഞുണ്ണി പുരസ്‌കാരം, ജ്ഞാനാമൃതം പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു. കൂടാതെ കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് സ്വർണ മെഡലും ലഭിച്ചിട്ടുണ്ട്.
ബാലൻ പൂതേരി ജനിച്ചത് കോഴിക്കോട് ഫറോക്കിലാണെങ്കിലും ഇപ്പോൾ താമസം മലപ്പുറം ജില്ലയിലെ കാടപ്പടിയിലാണ്. ബാലൻ പൂതേരിയെ കുറിച്ച് കണ്ണൂർ സ്വദേശിയും കാർട്ടൂണിസ്റ്റുമായ സിബിെ. നമ്പ്യാർ ‘അന്ധകാരത്തിലെ വെളിച്ചമെന്ന’ പുസ്തകവും തിരുവനന്തപുരം സ്വദേശി പിഎസ് ശ്രീകുമാർ ‘ധന്യമീ ജീവിതം’ എന്ന പുസ്തകവും തയ്യാറാക്കിട്ടുണ്ട്. ശാന്തയാണ് ഭാര്യ. മകൻ രാംലാൽ.