വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോര്‍ട്ടുകളും താല്‍ക്കാലികമായി പൂട്ടാന്‍ ഉത്തരവിട്ട് പഞ്ചായത്ത്. എല്ലാ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്‍കി പഞ്ചായത്ത് ഉത്തരവായി. ഈ ഉത്തരവ് പഞ്ചായത്തിലെ ഹോം സ്റ്റേകള്‍ക്കും ബാധകമായിരിക്കും.
എല്ലാ ഹോംസ്റ്റേകളുടെയും റിസോര്‍ട്ടുകളുടെയും ലൈസന്‍സുകളും പരിശോധിക്കും. ലൈസന്‍സുള്ളവയ്ക്ക് മാത്രമേ പിന്നീട് പ്രവര്‍ത്തനാനുമതിയുണ്ടാകൂ. അല്ലാത്തവയെല്ലാം പൂട്ടാന്‍ നിര്‍ദേശിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഇത് പരിശോധിക്കാനായി മേപ്പാടി പഞ്ചായത്ത് അധികൃതര്‍ യോഗം ചേരുകയാണ്.
വയനാട് മേപ്പാടിയിലെ എലിമ്പിലേരിയില്‍ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് കണ്ണൂര്‍ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവതി താമസിച്ചിരുന്ന റിസോര്‍ട്ട് കഴിഞ്ഞദിവസം പൂട്ടിയിരുന്നു. ഹോംസ്റ്റേയുടെ ലൈസന്‍സ് മാത്രം വച്ച്, റിസോര്‍ട്ട് നടത്തിയതിന് അധികൃതര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു.
വനമേഖലകളിലെ വഴിവിട്ട ടൂറിസം സൃഷ്ടിക്കുന്ന ദുരന്തങ്ങളില്‍ ഒടുവിലത്തെതാണ് മേപ്പാടി എലിമ്പിലേരിയിലേത്. യാതൊരു അനുമതിയും ഇല്ലാതെയാണ് ടെന്റുകള്‍ കെട്ടി വിനോദ സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുന്നത്. ഇത്തരത്തിലുളള കേന്ദ്രങ്ങളെക്കുറിച്ച് ടൂറിസം വകുപ്പിനോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ പലപ്പോഴും വ്യക്തതയുമില്ല.
സൗത്ത് വയനാട് വനമേഖലയും നിലമ്പൂര്‍ വനമേഖലയും ചേര്‍ന്ന് കിടക്കുന്ന സമൃദ്ധമായ വനപ്രദേശത്തോട് ചേര്‍ന്നാണ് ദുരന്തമുണ്ടായ എലിമ്പിലേരിയിലെ സ്വകാര്യ തോട്ടം. ആനത്താരയായതിനാല്‍ തന്നെ കാട്ടാനകള്‍ പതിവായി ഇറങ്ങുന്ന പ്രദേശം. ജനവാസ മേഖല അല്ലാത്തതിനാല്‍ വനത്തിനും തോട്ടത്തിനുമിടയില്‍ ട്രഞ്ചുകളോ സംരക്ഷണ വേലികളോ ഇല്ല. ഇത്തരമൊരു പ്രദേശത്താണ് യാതൊരു മുന്‍കരുതലുമില്ലാതെ ടെന്റുകള്‍ കെട്ടി വിനോദ സഞ്ചാരികളെ ക്ഷണിച്ചത്.
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെയാണ് ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി വനാതിര്‍ത്തികളില്‍ ഇത്തരം ടെന്റ് ടൂറിസം തുടങ്ങിയത്.