തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾക്ക് വീതം ഇരിക്കാം. ഇതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. 10, 12 ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്നായിരുന്നു കണക്ക്. അതുകൊണ്ടുതന്നെ പതത്ത് കുട്ടികളെ ഉൾപ്പെടുത്തി കൂടുതൽ ക്ലാസുകളാണ് ഓരോ വിഷയത്തിലും അധ്യാപകർ നൽകിയിരുന്നത്.
മുതിയ മാർഗനിർദേശം വന്നതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്താം. സ്കൂൾ പ്രവർത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങൾ അവലോകനം ചെയ്താണു പുതിയ മാർഗനിർദേശം പുറത്തിറക്കിയിട്ടുള്ളത്. പുതിയ ഉത്തരവനുസരിച്ച്, കോവിഡ് സാഹചര്യത്തിൽ തീർത്തും വരാൻ പറ്റാതെ വർക് ഫ്രം ഹോം ആയ അധ്യാപകരൊഴികെ മുഴുവൻ പേരും സ്കൂളിലെത്തണം. എത്താത്തവർക്കെതിരെ കർശന നടപടി വരും.
ശനിയാഴ്ച പ്രവൃത്തിദിനമായി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകളിലും ഇതു പ്രാവർത്തികമാക്കണം. 10, 12 ക്ലാസുകളിൽ സംശയനിവാരണം, ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനം, മാതൃകാപരീക്ഷ നടത്തൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഒന്നാം തീയതി മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്കൂളുകൾ തുറന്നത്.
സ്കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റു പ്രധാനപ്പെട്ട നിർദേശങ്ങൾ ഇവയാണ്:
* നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളിൽ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങൾ നടത്താം.
* നൂറിൽ അധികം കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയിൽ ക്രമീകരണം വേണം.
* രാവിലെ എത്തുന്ന കുട്ടികൾ വൈകീട്ടു വരെ സ്കൂളിൽ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതു പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതിനുള്ള ക്രമീകരണവും ആകാം.
* കുട്ടികൾ വീട്ടിൽനിന്നുകൊണ്ടുവരുന്ന ഭക്ഷണം അവർക്കു നിർദേശിച്ചിട്ടുള്ള െബഞ്ചിൽ തന്നെ ഇരുന്നു കഴിക്കണം. കഴുകുന്ന സ്ഥലത്തു ഹാൻഡ് വാഷ് ഉൾപ്പെടെയുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം.
*കോവിഡ് മാനദണ്ഡം ലംഘിക്കുന്ന ഒരു കൂട്ടംകൂടലും ഉണ്ടാവരുത്.
Discussion about this post