കോന്നിയില്‍ കോണ്‍ഗ്രസിന് അടിതെറ്റുന്നു; രാജിവെച്ചത് 50 ഓളം പേര്‍

Congress Leaders Resign | Bignewslive

പത്തനംതിട്ട: മലയോരമേഖലയിലും കോണ്‍ഗ്രസിന് അടിതെറ്റുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം വന്‍തോതില്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതായാണ് റിപ്പോര്‍ട്ട്. കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെയുള്ള പ്രതിഷേധ സൂചകമായി നിരവധി പേരാണ് രാജിവെച്ചുകൊണ്ടിരിക്കുന്നത്. പത്രസമ്മേളനം നടത്തിയാണ് ഇവര്‍ തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.

കോന്നി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായിരുന്ന കോന്നിയൂര്‍ പികെ മഹിളാ കോണ്‍ഗ്രസ്സ് നേതാവ് സൗദ റഹിം ,അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുനില്‍ വര്‍ഗ്ഗീസ് ആന്റണി തുടങ്ങിയ പ്രമുഖരായ നേതാക്കള്‍ രാജിവച്ചതിന്റെ പിന്നാലെയാണ് 50 ഓളം പേരുടെ കൂട്ടരാജി.

കെപിസിസി അംഗവും ഐഎന്‍ടിയുസി നേതാവുമായിരുന്ന ജോര്‍ജ് മോഡിയും അനുയായികളായ കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എംഒ വര്‍ഗീസ്, കെ ബാബു, മണ്ഡലം വൈസ് പ്രസിഡന്റ് സാംകോശി, കോണ്‍ഗ്രസ് അങ്ങാടി മുന്‍ മണ്ഡലം സെക്രട്ടറി കെടി രാജു, കലഞ്ഞൂര്‍ മണ്ഡലം സെക്രട്ടറി ബാബു തുടങ്ങിയവരും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരുന്നതായി അറിയിച്ചു.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയെ അടൂര്‍ പ്രകാശ് സ്ഥാനാര്‍ത്ഥിയായി സ്വന്തം നിലയ്ക്ക് പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ കലാപം പെട്ടിപുറപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് ശേഷം മണ്ഡലം കമ്മറ്റിക്കള്‍ക്കെതിരെ അടൂര്‍ പ്രകാശിന്റെ അനാവശ്യ ഇടപെടലുകളില്‍ പ്രതിഷേധം പുകയുന്നുണ്ടായിരുന്നു.

മലയാലപ്പുഴ ഡിവിഷനും മൈലപ്ര, പ്രമാടം പഞ്ചായത്തുകളും നഷ്ടമായത് അടൂര്‍ പ്രകാശിന്റെ ഇടപെടലുകള്‍ കൊണ്ടാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രര്‍ത്തകര്‍ പറയുന്നത്. അടൂര്‍ പ്രകാശിന്റെ ബിനാമി എന്നറിയപ്പെടുന്ന പ്രമാടം ഡിവിഷന്‍ അംഗം നേതാവ് മലയാലപ്പുഴ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ഇടപെട്ടു എന്ന് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞതും കോന്നിയിലെ കോണ്‍ഗ്രസിനുള്ളില്‍ കലാപത്തിന് കാരണമായിട്ടുണ്ട്.

മലയോരമേഖലയില്‍ യുഡിഎഫിന്റെ ശക്തിയായിരുന്ന കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത് മുതല്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ യുഡിഎഫിന് നഷ്ടമായത് കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് കൊണ്ടാണെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.

വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ രാജികളുടെ പരമ്പരയാണ് കോന്നിയില്‍ നടക്കുന്നത്. രാജിവെക്കുന്നവരില്‍ ഭൂരിഭാഗവും കേരള കോണ്‍ഗ്രസ് എമ്മിലേക്കാണ് പോകുന്നത് എന്നും ശ്രദ്ധേയമാണ്. ഓര്‍ത്തഡോക്‌സ് സഭ വിഭാഗത്തില്‍ പെട്ടവരാണ് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ചവരില്‍ ഭൂരിഭാഗവും.

Exit mobile version