പത്തനംതിട്ട: കൊവിഡ് ബാധിച്ചത് മൂലമുണ്ടായ നേട്ടങ്ങള്‍ പറഞ്ഞ് മാത്യു ടി തോമസ് എംഎല്‍എ. വൈറസ് ബാധയേറ്റത് നല്ലതെന്നാണ് കരുതെന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം തനിക്കുണ്ടായ രണ്ട് നേട്ടങ്ങളാണ് പങ്കിട്ടത്. കൊവിഡ് പോസിറ്റീവായി ചികില്‍സയില്‍ കഴിയുന്ന 91 വയസ്സുള്ള പിതാവ് റവ. ടി.തോമസിനെ ശുശ്രൂഷിക്കാന്‍ കഴിയുന്നു എന്നത് ഒന്നാമത്തേത്. കോവിഡ് പേടിയില്ലാതെ തെരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങാമെന്നത് രണ്ടാമത്തേതുമെന്ന് അദ്ദേഹം പറഞ്ഞു.
എംഎല്‍എയ്ക്കു പോസിറ്റീവായതിന്റെ അടുത്ത ദിവസമാണ് പിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചത്. പിതാവിന്റെ പ്രായം പരിഗണിച്ച് പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാധാരണ കോവിഡുകാര്‍ക്കു ബൈസ്റ്റാന്‍ഡറെ അനുവദിക്കില്ലെങ്കിലും എംഎല്‍എ പോസിറ്റീവായതിനാല്‍ ബൈസ്റ്റാന്‍ഡറായി നിര്‍ത്തുകയായിരുന്നു. മാത്യു ടി തോമസിന്റെ വീട്ടില്‍ ഭാര്യയും മരുമകനും പോസിറ്റീവായിരുന്നു.
എംഎല്‍എയുടെ വാക്കുകള്‍;
‘ഞാന്‍ പോസിറ്റീവ് ആയില്ലെങ്കില്‍ ഈ പ്രായത്തില്‍ എന്റെ അപ്പച്ചന്‍ തനിച്ച് ആശുപത്രിയില്‍ കഴിയേണ്ടി വന്നേനെ, അതുകൊണ്ട് എന്റെ കോവിഡിനെ ശരിക്കും പോസിറ്റീവായി തന്നെയാണ് കാണുന്നത്’ കോവിഡ് വന്നു പോകട്ടെ, പിന്നെ ആശങ്ക വേണ്ടല്ലോ. നെഗറ്റീവ് ആയാല്‍ ധൈര്യമായി സമൂഹത്തിലേക്ക് ഇറങ്ങാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അമരത്ത് ധൈര്യമായി തുടരാം. ഇപ്പോള്‍ പോസിറ്റീവ് ആകുന്നതിന് മുന്‍പ് 5 തവണ ക്വാറന്റൈനിലായി. ആറാം തവണ ക്വാറന്റൈനില്‍ ഇരിക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. ആദ്യം മകളും ഭര്‍ത്താവും ബംഗളൂരുവില്‍നിന്നു വന്നപ്പോഴാണ് ക്വാറന്റൈനില്‍ പോയത്. അന്ന് റിവേഴ്‌സ് ക്വാറന്റൈനായിരുന്നു.
പിന്നീട് നിരണത്ത് ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരില്‍ പോസിറ്റീവുകാരന്‍ എത്തിയതിന്റെ പേരില്‍ 14 ദിവസമിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിലെ ഒരാള്‍ക്ക് കൊവിഡ് വന്നതിനെ തുടര്‍ന്ന് മൂന്നാമത്തെ ക്വാറന്റൈന്‍. പിന്നീട് ഡ്രൈവര്‍ പോസിറ്റീവായപ്പോള്‍ നാലാമത്തെ ക്വാറന്റൈന്‍. ഓഫിസ് അറ്റന്‍ഡര്‍ പോസിറ്റീവായപ്പോള്‍ അഞ്ചാമത്തെ ക്വാറന്റൈന്‍. ഭാര്യ പോസിറ്റീവായതിനെ തുടര്‍ന്ന് ആറാം ക്വാറന്റൈനില്‍ കഴിയുമ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ പേടിച്ച് ആശങ്കയോടെ നടക്കേണ്ടല്ലോ, വന്നു പോയതിന്റെ ധൈര്യത്തില്‍ ഇനി അകലങ്ങള്‍ കുറച്ച് തെരഞ്ഞെടുപ്പ് വേദിയില്‍ സജീവമാകാം.