കോടികള്‍ കൈപ്പറ്റിയിട്ടും ശാരീരിക മാനസിക പീഡനമെന്ന് ഭാര്യ; 424 പവനും 2.97 കോടി രൂപയും തിരിച്ചുനല്‍കാന്‍ ഇരിങ്ങാലക്കുട കോടതിയുടെ വിധി; ചെലവിന് പ്രതിമാസം 70,000 രൂപയും! ഭര്‍ത്താവിന് വന്‍ തിരിച്ചടി

424 sovereign | Bignewslive

ഇരിങ്ങാലക്കുട: 424 പവന്‍ സ്വര്‍ണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭാര്യയ്ക്ക് തിരികെ നല്‍കണമെന്ന് ഇരിങ്ങാലക്കുട കുടുംബകോടതിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശി ജനാര്‍ദനന്‍ നായരുടെ മകള്‍ ശ്രുതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഞെട്ടിക്കുന്ന ഉത്തരവ്.

ഭര്‍ത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു, ഭര്‍തൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരന്‍ ശ്രുതി ഗോപി, സഹോദര ഭാര്യ ശ്രീദേവി എന്നിവര്‍ക്കെതിരെയാണ് ശ്രുതി കോടതിയെ സമീപിച്ചത്. തന്റെ വീട്ടുകാരില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടും മാനസിക പീഡനം തുടര്‍ന്നതോടെയണ് ശ്രുതി കോടതിയെ സമീപിച്ചത്.

2012 മേയ് 11-നാണ് ശ്രുതിയെ ഡോ. ശ്രീതു ഗോപി വിവാഹം ചെയ്തത്. 2014-ല്‍ മകന്‍ ജനിച്ചു. വിവാഹം നിശ്ചയിച്ച നാള്‍മുതല്‍ ഭര്‍തൃവീട്ടുകാര്‍ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും വിവാഹനിശ്ചയശേഷം എന്‍ആര്‍ഐ ക്വാട്ടയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എംഡി കോഴ്സിനുവേണ്ടി 1.11 കോടി രൂപ ഭാര്യവീട്ടുകാരോട് ആവശ്യപ്പെട്ട് വാങ്ങി. ഇതിനു പുറമെ, പിന്നീട് കല്യാണച്ചെലവിലേക്കും വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും വിവാഹശേഷം ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ ഉണ്ടായെന്നും ശ്രുതി തന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

വിചാരണസമയത്ത് ശ്രുതി കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് കോടതി ശ്രുതിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. അതേസമയം, മകന്റെ സ്ഥിരമായി അവകാശപ്പെട്ടുള്ള ഭര്‍ത്താവിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

Exit mobile version