സുഭിക്ഷ കേരളം പദ്ധതി: 26,580 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷിയോഗ്യമായത് 26,580 ഹെക്ടര്‍ തരിശുഭൂമി. 25,000 ഹെക്ടര്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. നെല്ല് ഉത്പാദനം 6.8 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 9 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. 50,000 ഏക്കര്‍ തരിശുനിലത്താണ് ഇപ്പോള്‍ നെല്‍കൃഷിയുള്ളത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശ് ഭൂമി ഉള്‍പ്പടെ കൃഷി യോഗ്യമാക്കിക്കൊണ്ട് 2015-16ല്‍ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉല്‍പാദനം 2019-20 ആയതോടെ 15 ലക്ഷം ടണ്ണായി.

പദ്ധതിയിലേക്ക് പരമാവധി കര്‍ഷകരെയും യുവാക്കളെയും ആകര്‍ഷിക്കാനായി സുഭിക്ഷ കേരളം വെബ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വരെ പദ്ധതിയില്‍ 65,979 കര്‍ഷകരാണ് പോര്‍ട്ടല്‍ വഴിയും നേരിട്ടും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,428 പ്രവാസികളും 11,316 യുവാക്കളുമുണ്ട്. നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള റോയല്‍റ്റി ഇതിനകം 32,118 കര്‍ഷകര്‍ക്ക് നല്‍കി. റോയല്‍റ്റിക്ക് അര്‍ഹതയുള്ള കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ തുടരുകയാണ്. എല്ലാ കുടുംങ്ങളെക്കൊണ്ടും പരമാവധി കൃഷി ചെയ്യിക്കുന്നതിന്റെ ഭാഗമായി ഒരുകോടി ഇരുപത് ലക്ഷത്തോളം വിത്ത് പാക്കറ്റുകളാണ് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് വിതരണം ചെയ്തത്.

സുഭിക്ഷ കേരളം പദ്ധതിയിലൂടെ വിവിധ വിഭാഗങ്ങളിലായി 28 ലക്ഷം പേര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ഇതില്‍ 10.87 ലക്ഷം പേര്‍ സ്ത്രീകളും മൂന്നു ലക്ഷം പേര്‍ യുവാക്കളുമാണ്. പ്രാദേശിക, വിദേശ ഫല വര്‍ഗങ്ങളുടെ വ്യാപനം കേരളത്തില്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിപണനവും പരിപാലനവും ഇതിന്റെ ഭാഗമായി ആരംഭിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. 100.07 ലക്ഷം ഫലവൃക്ഷത്തൈകള്‍ ഇതു വരെ വിതരണം ചെയ്തു.

തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുക, ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നത്.

Exit mobile version