തിരുവനന്തപുരം: കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ ബിജെപിയുടെ സമരപ്പന്തലിന് സമീപം മധ്യവയ്സകന് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബിജെപി. ആത്മഹത്യാ ശ്രമം സര്‍ക്കാര്‍ നിലപാടിനെതിരെയാണെന്ന് എംടി രമേശും നിരാഹാരമിരിക്കുന്ന സികെ പത്മനാഭനും പ്രതികരിച്ചു.
‘തീകൊള്ളിക്കൊണ്ട് തല ചൊറിയുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ല. ശബരിമലയ്ക്ക് വേണ്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.’സികെ പത്മാനാഭന് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും അയ്യപ്പഭക്തന്മാര് ഏതറ്റം വരെയും പോകും’ എന്നായിരുന്നു സികെ പത്മനാഭന്റെ പ്രതികരണം.
അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നറിയില്ലെന്നും ദുരൂഹതയുള്ളതായി സംശയിക്കുന്നില്ലെന്നും സികെ പത്മാനാഭന് പ്രതികരിച്ചു. ശബരിമല സമരത്തോട് ഫാസിസ്റ്റ് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഫലമായി അയ്യപ്പഭക്തന്മാരുടെ വികാരം വ്രണപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചയോടെയാണ് സികെ പത്മനാഭന് നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമം നടന്നത്. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
Discussion about this post