കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിന്ന് പത്തു പേര് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ചേരാന്‍ നാട് വിട്ടതായി റിപ്പോര്‍ട്ട്. അഴീക്കോട് പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസിന് വിവരം ലഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐഎസ് കേന്ദ്രത്തിലേക്കാണ് ഇവര്‍ പോയതെന്നാണ് സൂചന.
പൂതപ്പാറയിലെ കെ സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെ തന്നെ അന്‍വര്‍, ഭാര്യ അഫ്സീല, മൂന്നുമക്കള്‍, കുറുവയിലെ ടിപി നിസാം എന്നിവരാണ് നവംബര്‍ 20-ന് വീടുവിട്ടത്. മൈസൂരുവിലേക്കെന്നു പറഞ്ഞാണ് പോയത്. മടങ്ങി വരാത്തതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുഎഇയിലേക്ക് പോയതായും അവിടെനിന്ന് മുങ്ങിയതായും വിവരം കിട്ടിയത്.
സിറിയയില്‍ ഐഎസ് കേന്ദ്രങ്ങള്‍ മിക്കവാറും തകര്‍ന്നതിനാല്‍ അഫ്ഗാനിസ്താനിലെ ഏതോ കേന്ദ്രത്തില്‍ ഇവര്‍ എത്തിയിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
തീവ്രവാദി സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് നേരത്തേ ബന്ധമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐഎസില്‍ ചേരാന്‍ പോയിരുന്നു. പാപ്പിനിശ്ശേരിയില്‍ നിന്നു പോയി ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്സീല. ഷമീറിന്റെ മക്കളായ സല്മാന്, സഫ്വാന് എന്നിവരും കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു.
അതറിഞ്ഞശേഷമാണ് അന്‍വര്‍-അഫ്സീല ദമ്പതിമാരും കുട്ടികളും ഐഎസിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഷമീറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോള്‍ നാടുവിട്ട സജ്ജാദ്. സജ്ജാദിന്റെ ഭാര്യ ഷാഹിന കുടക് സ്വദേശിയാണ്. മതംമാറി ഷാഹിനയെന്ന പേര് സ്വീകരിച്ച ശേഷമായിരുന്നു വിവാഹം.
കണ്ണൂര്‍ ജില്ലയില്‍നിന്ന് നേരത്തേ ഐഎസില്‍ ചേരാന്‍പോയ 35 പേരില്‍ (13 കുട്ടികളടക്കം) അഞ്ചുപേരെ തുര്‍ക്കിയില്‍നിന്ന് പോലീസ് പിടികൂടി തിരികെ അയച്ചിരുന്നു.
Discussion about this post