തിരുവനന്തപുരം: ഇനി 100, 101 എന്നീ നമ്പറുകള്‍ മറന്നേക്കൂ. പകരം 112 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഓര്‍മയിലുണ്ടായാല്‍ മതി. അടിയന്തരാവശ്യത്തിന് പോലീസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാ സേന എന്നിവരെ വിളിക്കാന്‍ ഇനി വ്യത്യസ്ത നമ്പറുകള്‍ ഓര്‍ത്തു വയ്ക്കേണ്ട. അടിയന്തര ആവശ്യങ്ങള്‍ക്കെല്ലാം 112 എന്ന ഈ ഒറ്റ നമ്പറിലേക്ക് വിളിച്ചാല്‍ മതിയാവും.
രാജ്യത്താകമാനം സഹായത്തിനായി ഒറ്റ നമ്പര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. ഇതുവരെ ഉപയോഗിച്ചിരുന്ന 100, 101, 108, 181 എന്നീ നമ്പറുകള്‍ പതിയെ ഇല്ലാതെയാവും. ഒറ്റ നമ്പര്‍ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 19 കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
സഹായം ആവശ്യപ്പെട്ട് വിളിക്കുന്ന വ്യക്തികളുടെ ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂമിലെ ക്രമീകരണങ്ങള്‍. ഫോണ്‍ കോള്‍, എസ്എംഎസ്, ഇമെയില്‍, വെബ് റിക്വസ്റ്റ് എന്നിവ വഴി 112ലൂടെ സഹായം തേടാം. അഞ്ച് ജില്ലകളിലാണ് ആദ്യം ട്രയല്‍ റണ്‍ നടത്തുക. ഈ മാസം 31 മുതലാണ് ട്രയല്‍. കേരള പോലീസാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.