തിരുവനന്തപുരം: ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ ലംഘിച്ചു കൊണ്ട് കൂളിംഗ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിര്‍ത്തിവെച്ചു. ഇതിനായുള്ള വാഹനപരിശോധനകളും പിഴ നടപടികളും നിര്‍ത്തിവെക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, പതിവ് വാഹനപരിശോധന തുടരും.
ഞായറാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച പരിശോധനകളില്‍ നൂറുകണക്കിനു വാഹനങ്ങള്‍ക്കാണ് ഇ-ചെലാന്‍ വഴി പിഴ നോട്ടീസ് അയച്ചത്. ഇസഡ് കാറ്റഗറി ഒഴികെയുള്ള വാഹനങ്ങള്‍ക്കെല്ലാം നടപടി നേരിടേണ്ടിവന്നു. മന്ത്രിമാരുടെയും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ക്ക് കര്‍ട്ടനുകള്‍ നീക്കേണ്ടിയുംവന്നു. അഞ്ചുദിവസത്തെ നടപടിക്കിടെ സംസ്ഥാനത്ത് അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്.
ഇതോടെ ഉന്നത തലത്തില്‍ നിന്ന് ഉണ്ടായ സമ്മര്‍ദ്ദം കാരണമാണ് ഓപ്പറേഷന്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍, രണ്ടു ദിവസം പരിശോധന നടത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നത്.
Discussion about this post