ആലുവ കൂട്ടക്കൊലക്കേസ്; ചുവരില്‍ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും, രക്തം പുരണ്ട പത്ത് കാല്‍പ്പാടുകള്‍, ആന്റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം; ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി

ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തം കഠിനതടവാക്കി ഇളവുചെയ്ത വിധിയെ തുടര്‍ന്ന് എല്ലാവരും ചര്‍ച്ചയിലായിരുന്നു എന്നാല്‍ ഈ വിധിയില്‍ എഴുതിയ വരികള്‍ ഇങ്ങനെയാണ്.

‘സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം കുറ്റകൃത്യത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ ശിക്ഷ വിധിക്കുമ്പോള്‍ അതു പരിഗണിക്കുക തന്നെ വേണം’…. ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ ദാരിദ്ര്യപശ്ചാത്തലം കണക്കിലാക്കിയാണ് ശിക്ഷ കുറച്ചത്.

അതേസമയം വിദേശത്ത് ജോലിക്കു പോകാനും കടം വീട്ടാനുമാണ് ആന്റണി കൊലപാതകം നടത്തിയത്. വധശിക്ഷ വിധിച്ചപ്പോള്‍ ഇക്കാര്യം പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്കു വീഴ്ച പറ്റിയെന്ന് പരമോന്നത കോടതി വ്യക്തമാക്കി. നീതിയുടെ വൈകലും കോടതിയുടെ ആശങ്കയാണ്. 2001ലെ കേസില്‍ കോടതി നടപടികള്‍ക്ക് അന്തിമതീര്‍പ്പുണ്ടാകാന്‍ പതിനേഴ് വര്‍ഷം വരെ നീണ്ടു. ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍ കാലോചിതമായ പരിഷ്‌കാരം വരേണ്ടകാലം അതിക്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

മാത്രമല്ല രാഷ്ട്രപതി ദയാഹര്‍ജി തളളിയ കേസിലാണ് സുപ്രീംകോടതി ശിക്ഷായിളവ് നല്‍കിയെന്നത് അപൂര്‍വതയാണ്. അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ ആന്റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം അടക്കം എത്തിയെന്നതു ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ എംജെ മത്തായി, എംവി വര്‍ഗീസ്, എംവി റാഫേല്‍ എന്നിവരാണ് ആന്റണിക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയില്‍ അന്തേവാസികള്‍, ക്രിസ്ത്യന്‍ പുരോഹിതര്‍, നാട്ടുകാര്‍ എന്നിവരും ആന്റണിയുടെ മനംമാറ്റം കോടതിയെ അറിയിച്ചു. ആന്റണി ജീവിതത്തിലേക്കുളള തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് ഇവരുടെ പക്ഷം. പ്രതിയുടെ മാനസാന്തരത്തിനുള്ള സാധ്യത കോടതിയും കണക്കിലെടുത്തു.

അപ്പോഴും നിലനില്‍ക്കുന്നു ചില ചോദ്യങ്ങള്‍ ഉത്തരമില്ലാതെ…..
* ചുവരില്‍ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാരാണ് ?
* കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളില്‍ ബീജത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ആന്റണിയുടേത് അല്ലെന്ന് ഡിഎന്‍എ ടെസ്റ്റില്‍ തെളിഞ്ഞു. ഉത്തരവാദി ഇന്നും അജ്ഞാതന്‍.
* രക്തം പുരണ്ട പത്ത് കാല്‍പ്പാടുകള്‍. അത് ആരുടേതാണെന്ന് ഇന്നും വ്യക്തമല്ല. പിന്നെ ആരുടെ?
* കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ആയുധങ്ങളിലെ വിരലടയാളങ്ങള്‍. ഒന്‍പതെണ്ണം ലഭിച്ചെങ്കിലും അഞ്ചെണ്ണം താരതമ്യം നടത്താന്‍ തക്കതല്ലെന്ന് പ്രോസിക്യൂഷന്‍. രണ്ടെണ്ണം പ്രോസിക്യൂഷന്‍ അവഗണിച്ചു. അഗസ്റ്റിന്റെ ബന്ധുവിന്റെയും ആന്റണിയുടെയുമായിരുന്നു ബാക്കിയുളള വിരലടയാളങ്ങള്‍ ആരുടെ?

Exit mobile version