പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; റംസിക്ക് നീതി തേടി രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടി സഹോദരി അൻസി; ഒടുവിൽ അറസ്റ്റ്

Ansi

കൊല്ലം: സോഷ്യൽമീഡിയയിൽ രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം പോയ കൊല്ലം കൊട്ടിയം സ്വദേശി അൻസിയെയാണ് പോലീസ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തും പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴയിൽനിന്നാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ നിശ്ചയവും നടത്തിയ ശേഷം പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയാണ് അൻസി. 2020 സെപ്റ്റംബറിലാണു റംസിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഈ സംഭവം ഏറെ കോളിളക്കം സൃഷ്ടിക്കുകയും സോഷ്യൽമീഡിയയിലടക്കം റംസിക്ക് നീതി തേടി കൂട്ടായ്മകൾ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ രൂപീകരിച്ച ഒരു കൂട്ടായ്മയിലെ അംഗത്തോടൊപ്പമാണ് റംസിയുടെ സഹോദരി ഒളിച്ചോടിയത്.

കഴിഞ്ഞ 18 മുതൽ അൻസിയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് ഇരവിപുരം പോലീസിൽ പരാതി നൽകിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവർ പോയതെന്നും ഭർത്താവ് പറയുന്നു.

റംസി ആത്മഹത്യ സംഭവത്തിൽ നീതി ആവശ്യപ്പെട്ടു രൂപീകരിച്ച സമൂഹമാധ്യമക്കൂട്ടായ്മയിലെ അംഗമാണ് ഇപ്പോൾ സഹോദരിക്കൊപ്പം പിടിയിലായ യുവാവ്. റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലം പള്ളിമുക്ക് കൊല്ലൂർവിള സ്വദേശി മുഹമ്മദ് ഹാരിസ് നേരത്തേ അറസ്റ്റിലായിരുന്നു.

Exit mobile version