പാലക്കാട്: സംസ്ഥാന ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് അദ്ദേഹം തുറന്നടിച്ചു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസില് പിടിച്ച് നടക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിത മാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കളെന്നും മേജര്‍ രവി പറയുന്നു. താഴെ തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞുനോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ല. ഇത്തവണ ഒരിടത്ത് പോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് മേജര്‍ രവി. ഈ അടുത്ത കാലത്താണ് അദ്ദേഹം ബിജെപിയില്‍ നിന്ന് വിട്ടുമാറാന്‍ തുടങ്ങിയത്.