ചേർത്തല: സ്‌നേഹക്കുറവോ ദേഷ്യമോ ഉണ്ടായിട്ടല്ല, മറ്റു വഴികൾ ഇല്ലാത്തതുകൊണ്ടാണ് സന്തോഷിനെ കൂട്ടിനുള്ളിലാക്കി ബന്ധുക്കൾക്ക് ജോലിക്ക് പോകേണ്ടി വരുന്നത്. തനിയാവർത്തനം സിനിമയിലൊക്കെ മലയാളികൾ കണ്ടു ശീലിച്ച മട്ടിലുള്ള അഴികളിട്ട മുറിയിലാണ് 47കാരനായ സന്തോഷിനെ പാർപ്പിച്ചിരിക്കുന്നത്. കണ്ടാൽ ആരുടേയും കമ്ണുനിറയുന്ന അവസ്ഥയിലാണ് ഇദ്ദേഹം. ഇരുമ്പഴികളുടെ വാതിലിനടിയിലൂടെ സഹോദരി സുഭദ്ര നൽകുന്ന ഭക്ഷണം കഴിച്ച് ദിവസങ്ങൾ തള്ളി നീക്കുകയാണ് സന്തോഷ്.
തണ്ണീർമുക്കത്തെ ഉമ്മിണിശ്ശേരി കുടുംബാംഗമാണ് 47കാരനായ സന്തോഷ്. റോഡപകടത്തിൽ തലക്കേറ്റ പരിക്കിനെത്തുടർന്നാണ് സന്തോഷിന് മനോനിലതെറ്റിയത്. തുടർന്ന് അക്രമാസക്തനായി. നാട്ടിലാകെ നടന്ന് അക്രമവാസന കാണിച്ചു തുടങ്ങിയതോടെയാണ് സഹോദരങ്ങൾ വീടിനോടു ചേർന്നു കൂടൊരുക്കി അതിനുള്ളിലാക്കിയത്.
മുറിക്കുള്ളിലൊക്കെ കിടത്തിയാൽ അവിടെ പൊളിക്കുന്നതാണ് സന്തോഷിന്റെ ശീലം. രണ്ടുവീടിന്റെ ഭാഗങ്ങൾ പൊളിച്ചതോടെ നാട്ടുകാരും പരാതിയുമായി എത്താൻ തുടങ്ങി. നിരന്തരം പരാതികൾ വന്നതോടെയാണ് നാലു വർഷംമുമ്പ് കൂടൊരുക്കി സന്തോഷിനെ അകത്തിട്ടത്.
സന്തോഷിന്റെ കുടുംബം വളരെ നിർധനരാണ്. വീട്ടുജോലിക്കു പോയാണ് സഹോദരി സുഭദ്ര സന്തോഷിനെ നോക്കുന്നത്. കൃത്യമായി ഭക്ഷണം നൽകുന്നുണ്ടെങ്കിലും ചികിത്സ നൽകാൻ വഴികളില്ല. മറ്റൊരു സഹോദരനും പരിചരിക്കാനെത്തും. എന്റെ കാലംകഴിഞ്ഞാൽ എന്തുചെയ്യുമെന്നാണ് 67കാരിയായ സുഭദ്ര ചോദിക്കുന്നത്.
അപകടത്തിന് മുമ്പ് എല്ലാ ജോലികളും ചെയ്തിരുന്ന മിടുക്കനായിരുന്നു സന്തോഷ്. ആരോഗ്യവാനുമായിരുന്നു. ആദ്യമാദ്യം ചികിത്സനടത്തിയിരുന്നെങ്കിലും മരുന്നുകഴിക്കാതെ വന്നതോടെ അതുനിലച്ചു. നല്ല ചികിത്സ നൽകാൻ കഴിഞ്ഞാൽ സന്തോഷിന്റെ മനോനിലയിൽ മാറഅറമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പുത്തനങ്ങാടി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്തംഗം യുഎസ് സജീവ് പറഞ്ഞു. സജീവിന്റെ നേതൃത്വത്തിൽ ഇതിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.