ഉണ്ണികൃഷ്ണൻ നമ്പൂതിരി കറകളഞ്ഞ കമ്മ്യൂണിസ്റ്റ്; എകെജി അയച്ച കത്ത് നിധിപോലെ സൂക്ഷിച്ചുവെച്ചിരുന്നു; ഓർത്തെടുത്ത് ഇപി ജയരാജൻ

unnikrishnan

കണ്ണൂർ: 98ാം വയസിൽ കോവിഡിനെ അതിജീവിച്ച് മലയാളികൾക്ക് വലിയ പ്രചോദനമായി മാറിയ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അപ്രതീക്ഷിത വിയോഗം മലയാളികൾക്ക് തീരാ വേദനയാണ് സമ്മാനിക്കുന്നത്. മലയാളികളുടെ സ്വന്തം മുത്തച്ഛനെന്ന പദവി നൽകി ഓരോ മലയാളിയും സ്‌നേഹിച്ച അദ്ദേഹത്തിന്റെ വേർപാട് വീട്ടിലെ ഒരാൾ നഷ്ടപ്പെട്ട വേദനയ്ക്ക് തുല്യമാണ്.

ദേശാടനത്തിലെ കരയിപ്പിച്ച മുത്തച്ഛനും കല്യാണരാമനിലെ ഏറെ ചിരിപ്പിച്ച മുത്തച്ഛനുമായി അദ്ദേഹം നിറഞ്ഞാടിയത് കാലങ്ങളെ അതിജീവിച്ചും നിലനിൽക്കുന്ന വേഷങ്ങളാണ്. ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും കുറച്ച് വേഷങ്ങളിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതനായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മലയാളി സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക ലോകം രംഗത്തെത്തിയിരിക്കുകയാണ്.

ഇതിനിടെ, മന്ത്രി ഇപി ജയരാജൻ അദ്ദേഹത്തെ ഓർമ്മിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. കമ്മ്യൂണിസത്തെ എന്നും നെഞ്ചേറ്റിയ വ്യക്തിയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന് മന്ത്രി അനുസ്മരിക്കുന്നു.

ഏറെ നാളായി വളരെ നല്ല അടുപ്പമാണ് അദ്ദേഹവുമായും കുടുംബവുമായും ഉണ്ടായിരുന്നത്. സഹോദരതുല്യമായ സ്‌നേഹമാണ് പരസ്പരം വച്ചുപുലർത്തിയത്. അവസരം കിട്ടുമ്പോഴെല്ലാം നേരിട്ട് കാണാറുണ്ടായിരുന്നെന്നും ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു. എകെജി അയച്ച കത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി നിധിപോലെ സൂക്ഷിച്ചുവെച്ചു. പാർട്ടി പ്രവർത്തകരോട് എന്നും വലിയ സ്‌നേഹമായിരുന്നുവെന്നും ഇപി ജയരാജൻ പറയുന്നു.

കോവിഡിനെ അതിജീവിച്ചതിന് ശേഷം വിശ്രമത്തിലായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇന്ന് വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. 4 തമിഴ് സിനിമകൾ ഉൾപ്പെടെ 22 സിനിമകളിൽ അഭിനയിച്ചു. 2014ൽ അഭിനയിച്ച വസന്തതിന്തെ കനാൽ വാഹികലിൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത സൗഹൃദമായിരുന്നു.

ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.

മന്ത്രി ഇപി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്:

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗവാര്‍ത്ത വലിയ വേദനയുണ്ടാക്കുന്നതാണ്. ഏറെ നാളായി വളരെ നല്ല അടുപ്പമാണ് അദ്ദേഹവുമായും കുടുംബവുമായും ഉണ്ടായിരുന്നത്. സഹോദരതുല്യമായ സ്‌നേഹമാണ് പരസ്പരം വച്ചുപുലർത്തിയത്. അവസരം കിട്ടുമ്പോഴെല്ലാം നേരിട്ട് കാണാറുണ്ടായിരുന്നു. അടുത്തിടെയും ഫോണിൽ സംസാരിച്ച് കുശലാന്വേഷണങ്ങൾ നടത്തുകയും പരസ്പരം സ്‌നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. സിനിമയിലെ മുത്തച്ഛനായി കേരളം അറിഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി കറകളഞ്ഞ കമ്യൂണിസ്റ്റാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു. എ കെ ജി അയച്ച കത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി നിധിപോലെ സൂക്ഷിച്ചുവെച്ചു. പാർട്ടി പ്രവർത്തകരോട് എന്നും വലിയ സ്‌നേഹമായിരുന്നു.

76ാം വയസിൽ ജയരാജിന്റെ ദേശാടനത്തിൽ മുത്തച്ഛനായി വേഷമിട്ട ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമകളിൽ മലയാളികളുടെ മുത്തച്ഛന്റെ പ്രതിരൂപമായി. മലയാളികളുടെ മനസ്സിൽ ആ മുഖം മായാതെ നിൽക്കും. സാംസ്‌കാരിക സാമൂഹ്യ മേഖലയ്ക്കാകെ കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികള്

Exit mobile version