കോട്ടയം: പ്രധാനമന്ത്രിയും അമിത് ഷായും മന്നം ജയന്തി ദിനത്തിൽ ആശംസയറിയിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ചർച്ചകളെ തള്ളി എൻഎസ്എസ്. മന്നം ജയന്തിദിനത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആശംസ അറിയിക്കുകയും ഇതിന് എൻഎസ്എസ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ എൻഎസ്എസ് ബിജെപിയോട് അടുക്കുന്നു എന്ന തരത്തിൽ വലിയ പ്രചാരണങ്ങളും നടന്നിരുന്നു.
എന്നാൽ, സംഘടനയുടെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച് സമുദായ ആചാര്യനെ അനുസ്മരിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ എൻഎസ്എസ് നന്ദിയറിയിച്ച് കത്തയക്കുകയും ചെയ്തു. എൻഎസ്എസിനോട് ആര് ഈ രീതിയിൽ പെരുമാറിയാലും സമാന സമീപനമാണു സ്വീകരിക്കുക. ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ‘സാമൂഹിക സേവനം, സാമൂഹിക നീതി, സാംസ്‌കാരിക പുനരുദ്ധാരണം എന്നിവയ്ക്ക് മന്നത്ത് പദ്മനാഭൻ നൽകിയ സംഭാവനകളോട് തലമുറകൾ കൃതജ്ഞതയുള്ളവരായിരിക്കും. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സമ്പൂർണമായി സമർപ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജയന്തി ദിനത്തിൽ അദ്ദേഹത്തോടുള്ള എന്റെ ആദരവ് അർപ്പിക്കുന്നു’ എന്നായിരുന്നു ആശംസയറിയിച്ചുകൊണ്ടുള്ള മോഡിയുടെ ട്വീറ്റ്.
പിന്നാലെ, മോഡിക്കും അമിത്ഷായ്ക്കും നന്ദിയറിയിച്ച് എൻഎസ്എസ്. കത്തയക്കുകയും ചെയ്തിരുന്നു. മോഡിയുടെയും അമിത്ഷായുടെയും സന്ദേശങ്ങൾ ചേർത്ത് എൻഎസ്എസ് പ്രസിദ്ധീകരണമായ സർവീസിൽ വന്ന മുഖപ്രസംഗം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെ വിഷയം വലിയ ചർച്ചയായത്.
എന്നാൽ രാഷ്ട്രീയപരമായി ബിജെപിയെ അനുകൂലിക്കില്ലെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് എൻഎസ്എസ്.