തിരുവനന്തപുരം: ആ ഭാഗ്യശാലിയെ തേടിയുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറികളിൽ ഒന്നായ ക്രിസ്തുമസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലി ഒടുവിൽ മറനീക്കി പുറത്ത്. തിരുവനന്തപുരം തെങ്കാശി സ്വദേശി ശറഫുദ്ധീനാണ് ഒന്നാം സമ്മാനമായ 12 കോടി XG 358753 എന്ന ടിക്കറ്റിന് ഉടമ.
ഏജന്റിന്റെ കമ്മീഷനും നികുതിയും എടുത്ത ശേഷം 7.56 കോടി രൂപയാണ് ശറഫുദ്ധീന് ലഭിക്കുക. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് സമ്മാനാർഹമായ നമ്പർ നറുക്കെടുത്തത്.
കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസി ഉടമയാണ് ടിക്കറ്റ് വിറ്റത്. 2010ലെ സമ്മർ ബമ്പറിന്റെ 2 കോടി രൂപ അടിച്ചതും വെങ്കിടേശൻ വിറ്റ ടിക്കറ്റിനായിരുന്നു.
ഇത്തവണ ലോട്ടറി വകുപ്പ് ടിക്കറ്റുകളുടെ എണ്ണം കുറച്ചിരുന്നു. ആറു സീരീസിലാണ് ലോട്ടറി പുറത്തിറക്കിയത്. XA, XB, XC, XD, XE, XG. ആകെ 45 ലക്ഷം ടിക്കറ്റുകൾ ആയിരുന്നു പുറത്തിറക്കിയത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്.
രണ്ടാം സമ്മാനം അമ്പതു ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം പത്തു ലക്ഷവും നാലാം സമ്മാനം അഞ്ചു ലക്ഷവും അഞ്ചാം സമ്മാനം ഒരു ലക്ഷവും രൂപയാണ്. ആറാം സമ്മാനം 5000 രൂപയാണ്. ഏഴ്, എട്ട്, ഒമ്പത് സമ്മാനങ്ങൾ യഥാക്രമം 3000, 2000, 1000 രൂപ വച്ചാണ്. വിജയികളാകുന്നവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്.