തിരുവനന്തപുരം: വനിതാ മതിലിനു വേണ്ടി സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം വനിതാ മതില്‍ ഒരു സാമൂഹ്യ മുന്നേറ്റമാണ്. അതിനാല്‍ സര്‍ക്കാര്‍ ആശയ പ്രചാരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ മതില്‍ ഒരു സാമൂഹ്യ മുന്നേറ്റമാണ്. ഒരു പ്രത്യേക വിഭാഗത്തിന്റേതല്ല. ജാതിമത ഭേദമില്ലാതെ എല്ലാവരെയും അതിനെ സ്വാഗതം ചെയ്യും. ആചാരങ്ങളുടെ പേരില്‍ ഈ മുന്നേറ്റം തടയാനാവില്ല. നവോത്ഥാന സംഘടനകള്‍ തന്നെ സ്ത്രീകളെ കൊണ്ടുവരും. എന്നാല്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെയും സാമൂഹ്യ സംഘടനകളെയും തടയാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണെന്നാണ് കേരളത്തിലെ നവോത്ഥാന നായകര്‍ നമ്മെ പഠിപ്പിച്ചത്. അത് മറക്കരുത്. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് ഇങ്ങനെയൊരു ആചാര ലംഘനമായിരുന്നു. പാഠ്യപദ്ധതിയില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. പോലീസില്‍ 15 ശതമാനം വനിതാ നിയമനം നടത്താന്‍ ഉടന്‍ നടപടി സ്വീകരിക്കും. എക്സൈസിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. ഓരോ വകുപ്പിലും സ്ത്രീകള്‍ക്കായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും സമത്വം ആഗ്രഹിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി സംവാദത്തില്‍ പറഞ്ഞു.
വനിതാ മതിലിനു വേണ്ടി സര്‍ക്കാര്‍ പണം ചിലവഴിക്കരുതെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. അതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
Discussion about this post