ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയ സംഭവത്തില്‍ തിരിച്ചടി. ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്‌സ്ത് സെന്‍സിന്റെ ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവരില്‍ നിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇവരുടെ പക്കലുള്ള ഇലക്ട്രോണിക് രേഖകള്‍ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷന്‍ നടത്താനെന്ന വ്യാജേന അപേക്ഷ നല്‍കി ദേവസ്വത്തെ വഞ്ചിച്ച് കച്ചവടലക്ഷ്യത്തോടെ പരസ്യചിത്രീകരണം നടത്തുകയായിരുന്നുവെന്ന് ദേവസ്വം വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.