ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തിൽ എൽഡിഎഫും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും അധികാരം നിലനിർത്തുമെന്ന് എബിപി സി വോട്ടർ അഭിപ്രായ സർവേ. കേരളത്തിൽ എൽഡിഎഫിന് 85 സീറ്റുകൾ വരെ ലഭിച്ചേക്കും എന്നും യുഡിഎഫിന് 53 സീറ്റുകൾ വരെ നേടാനാകുമെന്നുമാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 154 മുതൽ 162 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. പ്രധാന എതിരാളികളായ ബിജെപി 98 മുതൽ 106 സീറ്റുകൾ നേടും. 294 അംഗ നിയമസഭയിൽ കോൺഗ്രസ് ഇടത് സഖ്യത്തിന് 26 മുതൽ 34 വരെ സീറ്റുകൾ ലഭിക്കും. തൃണമൂൽ 43 ശതമാനം വോട്ടുകളും ബിജെപി 37.5 ശതമാനം വോട്ടുകളും നേടുമെന്നും സർവേ പറയുന്നു.
തമിഴ്നാട്ടിൽ യുപിഎ സഖ്യത്തിനായിരിക്കും ഭരണം, ആസാമിലും പുതുച്ചേരിയിലും എൻഡിഎ മുന്നിലെത്തുമെന്നും സർവേ പ്രവചിക്കുന്നു. തമിഴ്നാട്ടിൽ 234 അംഗ സഭയിൽ ഡിഎംകെ കോൺഗ്രസ് സഖ്യത്തിന് ലഭിക്കുക 62 സീറ്റുകൾ ആയിരിക്കും. ഭരണകക്ഷിയായ എഐഎഡിഎംകെ ബിജെപി സഖ്യം 64 സീറ്റിൽ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു.
2016 തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ 136 സീറ്റിൽ വിജയിച്ചപ്പോൾ ഡിഎംകെ കോൺഗ്രസ് സഖ്യം 98 സീറ്റാണ് നേടിയത്. ആസാമിൽ ഭരണകക്ഷിയായ എൻഡിഎയ്ക്ക് 77 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. 126 അംഗ സഭയിൽ യുപിഎ 40 സീറ്റുകളും എഐയുഡിഎഫ് ഏഴ് സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. പുതുച്ചേരിൽ എൻഡിഎ 30ൽ 16 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന സർവേ കോൺഗ്രസ് ഡിഎംകെ സഖ്യം 14 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.
Discussion about this post