പാറശ്ശാല: രണ്ട് ദിവസം മുമ്പ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംകോട്ടുവിള വീട്ടിൽ സരസ്വതി (55)യുടെ മരണത്തിൽ ദുരൂഹത ഉയരുന്നു. വീട്ടമ്മയോടൊപ്പം കാണാതായ മരിച്ചുപോയ ഭർത്താവ് നാഗരാജന്റെ സഹോദരൻ നാഗേന്ദ്രനെ വീടിനു സമീപത്തെ പൂട്ടിയിട്ട ചായ്പിനുള്ളിൽ കണ്ടെത്തി. മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന നാഗേന്ദ്രനെ ചെറുപ്പം മുതൽ പരിപാലിച്ചിരുന്ന സരസ്വതി ആർക്കും ബാധ്യതയാകേണ്ടെന്ന് കരുതി മരണത്തിലുംഒപ്പം കൂട്ടിയെന്നാണ് കരുതപ്പെട്ടിരുന്നത്. ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പും ഇവരുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയിരുന്നു.
എന്നാൽ, സരസ്വതിയുടെ മൃതശരീരം കുളത്തിൽ നിന്നും കിട്ടിയതിന് പിന്നാലെ രണ്ട് ദിവസത്തിനു ശേഷം ആളൊഴിഞ്ഞ പുരയിടത്തിലെ പുറത്തുനിന്നു താഴിട്ട് പൂട്ടിയ ചായ്പിനുള്ളിൽ നാഗേന്ദ്രനെ പൂർണ്ണആരോഗ്യവാനായി കണ്ടെത്തുകയായിരുന്നു. കാണാതായ ഇയാളെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയരുകയാണ്. വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സരസ്വതിയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിൽ നാഗേന്ദ്രനെയും കൊണ്ടുപോകുന്നതായി എഴുതിയിരുന്നു.
സരസ്വതിയുടെ മൃതശരീരം കിട്ടിയതിന് പിന്നാലെ നാഗേന്ദ്രന്റെ മൃതദേഹത്തിനായി പോലീസ് കുളത്തിലും പരിസരപ്രദേശങ്ങളിലും രണ്ടു ദിവസമായി പരിശോധിച്ചിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. നാഗേന്ദ്രനായി പോലീസ് അന്വേഷണം തുടരവേയാണ് പൂട്ടിയിട്ട പുരയിടത്തിലെ ചായ്പിനുള്ളിൽ നാഗേന്ദ്രനെ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്.
സരസ്വതിയുടെ മൃതദേഹം കണ്ടെത്തിയ കുളത്തിനു സമീപത്തായുള്ള പുരയിടത്തിലാണ് നാഗേന്ദ്രനെ കണ്ടെത്തിയത്. ഈ പുരയിടത്തിനു സമീപത്തെ തെങ്ങിൽ തേങ്ങ വെട്ടുന്നതിനായി കയറിയ തൊഴിലാളിയാണ് സമീപത്തെ ചായ്പിൽ ഒരാൾ ഇരിക്കുന്നതു കണ്ടത്. തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ പുരയിടത്തിന്റെ ഗേറ്റിന്റെ പൂട്ട് തുറന്നു പരിശോധിച്ചപ്പോഴാണ് ചായ്പ്പിനുള്ളിൽ നാഗേന്ദ്രൻ ഇരിക്കുന്നത് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതലാണ് നാഗേന്ദ്രനെ കാണാതാകുന്നത്. ഈ സ്ഥിതിയിൽ പുറമേനിന്നു പൂട്ടിയ പുരയിടത്തിനുള്ളിലെ ചായ്പിൽ അന്ധനും ബധിരനുമായ നാഗേന്ദ്രനെ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശമാകെ നാട്ടുകാരും പോലീസും അന്വേഷിച്ചിട്ടും നാഗേന്ദ്രനെ കണ്ടെത്താനായിരുന്നില്ല.
ഇതോടെ, പുരയിടത്തിലേക്ക് എത്തുന്നതിനായി പിൻഭാഗത്ത് കൂടി ചെറിയ ഒരു ഇടവഴി ഉണ്ടെങ്കിലും കാഴ്ചശക്തി ഇല്ലാത്ത നാഗേന്ദ്രൻ ഏതുവിധത്തിൽ പൂട്ടിയിട്ട പുരയിടത്തിനുള്ളിൽ എത്തിയെന്നതാണ് എല്ലാവരിലും സംശയം ഉയർത്തിയിരിക്കുന്നത്.
ചായ്പ്പിനുള്ളിൽ കണ്ടെത്തിയ നാഗേന്ദ്രനെ പാറശ്ശാല പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നാഗേന്ദ്രൻ പൂർണ ആരോഗ്യവാനാണെന്നാണ് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടുകൂടി കുളത്തിന്റെ കരയിൽ നാഗേന്ദ്രനെ കണ്ടതായി ജീപ്പ് ഡ്രൈവർ പോലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ, രണ്ടു ദിവസത്തെ നാഗേന്ദ്രന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Discussion about this post