കൊച്ചി: പ്രേക്ഷക പ്രിയങ്കരന്‍ ധര്മ്മജന് ബോള്‍ഗാട്ടിയും രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താരത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സജീവ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടെന്ന് സൂചന. വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നാണ് താരത്തെ ഇറക്കാന്‍ സജീവ ചര്‍ച്ചകള്‍ അരങ്ങേറുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ധര്മ്മജന് ജനിച്ച് വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പടെ ഉള്ളതാണ് വൈപ്പിന്‍ മണ്ഡലം. അതിനാല്‍ ധര്മ്മജന് വിജയിക്കാന്‍ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം ഒരു നടന് എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ രാഷ്ട്രീയത്തിലേയ്ക്ക് ഇറക്കാന്‍ ആലോചനകള്‍ നടക്കുന്നത്. ഇതോടൊപ്പം മറ്റ് സിനിമ താരങ്ങളെയും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരെയും മത്സര രംഗത്തിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
രണ്ട് മാസം മുമ്പ് പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് മത്സരിക്കേണ്ട തീരുമാനമെടുക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. കുട്ടിക്കാലം മുതല്‍ തന്നെ ധര്മ്മജന് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഏതെങ്കിലും പാര്‍ട്ടി പ്രചാരണത്തിന് വിളിച്ചാല്‍ പോകില്ലെന്നും തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ധര്മ്മജന് വ്യക്തമാക്കിയിരുന്നു.