തിരുവനന്തപുരം: മദ്യവില വർധിക്കുമെന്ന സൂചനകൾക്കിടയിൽ സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന പ്രതികരണവുമായി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യത്തിന് നികുതിയിളവ് ഏർപ്പെടുത്തണമെന്ന നിർദേശം പരിഗണിക്കുമെന്നും മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന മദ്യനികുതിയാണ് കേരളത്തിലേത്. അസംസ്‌കൃത വസ്തുകളുടെ വില വർധനയാണ് മദ്യവില കൂട്ടാൻ കാരണമെന്നും നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മദ്യവില വർധനയിൽ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. നിലവിൽ ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാനവിലയിൽ 7 ശതമാനം വർധനയാണ് അനുവദിച്ചത്. ബിയറിനും വൈനിനും ഒഴികെ വിലവർധനവാണ് പരിഗണനയിലുള്ളത്.
മദ്യ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ അഥവാ സ്പിരിറ്റിന്റെ വില വർധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. പോയവർഷം കമ്പനികൾ പുതിയ ടെണ്ടർ സമർപ്പിച്ചെങ്കിലും കോവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.
നിലവിൽ ബെവ്‌കോയുമായി കരാറുള്ള കമ്പനികളുടെ ഈ വർഷത്തേക്കുള്ള വിതരണ കരാറിൽ പരമാവധി 7 ശതമാനം വർധനയാണ് ബെവ്‌കോ പ്രഖ്യാപിച്ചിരിക്കുന്നത്. ബിയറിനും വൈനിനും പോയവർഷത്തെ നിരക്ക് തന്നെയാണ്. നിലവിലുള്ള ബ്രാൻഡുകൾ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡീലക്‌സ് എന്ന് പേര് ചെർത്ത് പുതിയ ടെണ്ടർ നൽകിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വർധന അനുവദിക്കില്ല എന്നായിരുന്നു തീരുമാനം. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവിൽ വരും.