കാലം കുറേയായി വിവാഹാലോചനകള്‍ നടക്കുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം ചെയ്തു, ബ്രോക്കര്‍മാരെ കണ്ടു, എന്നാല്‍ ഫലമുണ്ടായില്ല. വിവാഹം നടന്നില്ല. ഒടുവില്‍ തോറ്റു കൊടുക്കാന്‍ മനസ്സില്ലെന്ന് ഉറപ്പിച്ച് വധുവിനെ തേടി ഫ്ലക്സ് ബോര്‍ഡ് വെച്ചിരിക്കുകയാണ് ഒരു യുവാവ്.
കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യനാണ് വധുവിനെ തേടി ഫ്ളക്സ് ബോര്‍ഡ് വച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയായില്ല. ഒടുവില്‍ വയസ് 36 കടന്നതോടെയാണ് അനീഷ് സെബാസ്റ്റ്യന്‍ റോഡരികില്‍ ബോര്‍ഡ് സ്ഥാപിച്ചത്.
‘വധുവിനെ തേടുന്നു…ഡിമാന്‍ഡുകള്‍ ഇല്ലാതെ, മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട്, സ്നേഹമാണ് വലുതെന്ന ചിന്താഗതിയില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്….’ എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ അനീഷ് കുറിച്ചിരിക്കുന്നത്.
എഴുത്തിനൊപ്പം അനീഷിന്റെ ചിത്രവും ബോര്‍ഡില്‍ ഉണ്ട്. ബോര്‍ഡുകണ്ട് നിരവധിപ്പേര്‍ വിളിക്കുന്നുണ്ടെന്ന് പറയുകയാണ് അനീഷ്. എല്ലാവര്ക്കും അറിയേണ്ടത് ഒന്നു മാത്രം. കല്യാണം കഴിഞ്ഞോ അനീഷേന്ന്. മറുപടി പറഞ്ഞു മടുത്തു. എന്തായാലും ഒന്നുറപ്പിച്ചു: എപ്പോള്‍ കല്യാണം കഴിയുന്നോ, അപ്പോഴേ ബോര്‍ഡു മാറ്റൂവെന്ന്.
പ്രായമായ മാതാപിതാക്കളും ഒരു ചേട്ടനും സഹോദരിയുമാണ് അനീഷിനുള്ളത്. കാണക്കാരിയില്‍ കുടുംബപരമായി ലഭിച്ച തടിമില്ല് നടത്തുന്ന അനീഷിന്റെ വിവാഹം വിവിധ കാരണങ്ങള്‍ക്കൊണ്ടാണ് നീണ്ടുപോയത്. 35 വയസിലെത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്.
മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയപ്പോഴാണ് മിക്കവര്‍ക്കും ആവശ്യം ഗവണ്മെന്റ് ജോലിക്കാരെയാണ്. പിന്നെ വിവാഹദല്ലാള്മ്മാരെ ആശ്രയിച്ചെങ്കിലും ഗുണമുണ്ടായില്ല. എനിക്കാവാശ്യം നല്ല ഒരു പെണ്‍കുട്ടിയെയാണ്. പിതൃസ്വത്ത് ആവശ്യമില്ലെന്ന് പറയുമ്ബോള്‍ ചെറുക്കന് എന്തോ കുഴപ്പമുണ്ടന്നാണ് ആളുകള്‍ ധരിക്കുന്നതെന്ന് അനീഷ് പറയുന്നു.
Discussion about this post