വാക്‌സിന് പാർശ്വഫലങ്ങളില്ല; തിങ്കളാഴ്ച മുതൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച വാക്‌സിനേഷനിൽ ആദ്യ ദിനം കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് . 8062 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ പാലക്കാട് മുമ്പിലും മലപ്പുറo ഏറ്റവും പിന്നിലുമാണ്. തിങ്കളാഴ്ച മുതൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കും.

കുത്തിവെയ്പ് സ്വീകരിച്ച ശേഷം ഉത്തരേന്ത്യയിൽ മരിച്ചവരുടെ വ്യാജ വാർത്തകൾ വാക്‌സിനേഷൻ രാജ്യത്ത് ആരംഭിക്കും മുമ്പേ നാട്ടിൽ പ്രചരിച്ചുതുടങ്ങിയെങ്കിലും ഇതിനെ അസ്ഥാനത്താക്കിയാണ് കോവിഡ് വാക്‌സിൻ എടുത്ത ശേഷമുള്ള മണിക്കൂറുകൾ കടന്നുപോയത്. 133 കേന്ദ്രങ്ങളിലും നൂറു പേർക്ക് വാക്‌സിൻ നൽകാൻ ലക്ഷ്യമിട്ടെങ്കിലും എത്തിയത് 8062 പേരായിരുന്നു.

അറിയിപ്പ് കൃത്യസമയത്ത് ലഭിക്കാത്തതും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കോവിഡ് രോഗികളുമൊക്കെ ഒഴിവാക്കപ്പെട്ടതും എണ്ണo കുറയാൻ കാരണമാണ്. ഏറ്റവും കൂടുതൽ പേർ വാക്‌സിൻ സ്വീകരിച്ചത് പാലക്കാട് ജില്ലയിലാണ് , 857 പേർ. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളാണ് തൊട്ടുപിന്നിൽ. കുറവ് മലപ്പുറത്ത് 155 പേർ മാത്രം. കോവിഡ് വാക്‌സിൻ രണ്ടാംഘട്ട കുത്തിവയ്പിനുള്ള റജിസ്‌ട്രേഷനും പൂർത്തിയായി. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കും. ആഴ്ചയിൽ നാല് ദിവസം കോവിഡ് വാക്‌സീൻ കുത്തിവെയ്പ്പിനാണ് തീരുമാനം.

Exit mobile version