തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതിനിടെ മിസോറാം ഗവര്‍ണറായ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കേരളരാഷ്ടീയത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീധരന്‍ പിള്ള ഇപ്പോള്‍.
കേരള രാഷ്ട്രീയത്തിലേക്ക് എന്തായാലും ഉടന്‍ ഇല്ല. താന്‍ ഇപ്പോഴുള്ള തലം ഒരു സാഗരം പോലെയാണെന്നും കേരള രാഷ്ട്രീയം എന്നത് ഒരു ചെറിയ പ്രതലമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ കേരള രാഷ്ട്രീയത്തിലേക്ക് ചാടുമെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. അത്തരത്തിലുള്ള യാതൊരു ശ്രമവും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഓര്‍ത്തഡോക്സ് യാക്കോബായ സഭാതര്‍ക്കത്തില്‍ നടത്തിയ ആദ്യ ഘട്ട ചര്‍ച്ചയില്‍ ഇരു കൂട്ടരും സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
സഭാ നേതൃത്വങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കാന്‍ പറ്റുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്ന് വന്ന ചോദ്യമാണ് ശ്രീധരന്‍ പിള്ള കേരള കരാഷ്ട്രീയത്തിലേക്ക് തിരികെ വരുമോ എന്നത്.
അതിന് മറുപടിയായി, കുട്ടിക്കളിപോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവിയെന്നും താന്‍ അത് വിട്ട് കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്. ഉയര്‍ന്ന ഭരണഘടന പദവികളില്‍ ഒന്നാണ് ഗവര്‍ണറുടേത്. അതില്‍ നിന്നും പിന്മാറണമെങ്കില്‍ തന്നെ നിയോഗിച്ചവര്‍ തന്നെ പറയണം. താനായിട്ട് ആ പദവിയില്‍ നിന്ന് പിന്മാറില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.