കുറച്ചുദിവസമായി വാർത്താമാധ്യമങ്ങളിൽ നിറയുന്ന വാർത്തയാണ് കോവിഡിനെ പ്രതിരോധിക്കുന്ന ഫൈസർ വാക്സിൻ സ്വീകരിച്ച 23 ആളുകൾ മരണപ്പെട്ടെന്നത്. പിന്നാലെ കോവിഡ് വാക്‌സിൻ സ്വീകരിക്കരുതെന്നും സ്വീകരിക്കുന്നവർ മരിച്ചുപോകും എന്നുമുള്ള പ്രചാരണം വാക്‌സിൻ വിരുദ്ധർ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ഈ മരണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് വിശദീകരിക്കുകയാണ് ഇൻഫോക്ലിനിക്.
ഇൻഫോക്ലിനികിന്റെ ഫേസ്ബുക്ക് കുറിപ്പ്:
നോർവേയിൽ ഫൈസർ വാക്സിൻ (Pfizer BioNTec vaccine against covid-19/BNT162b2) സ്വീകരിച്ച 23 ആളുകൾ മരണപ്പെട്ടു എന്നൊരു വാർത്തയാണ് ഇപ്പോൾ പല മാധ്യമങ്ങളിലും നിറയുന്നത്. പതിവുപോലെ തന്നെ വാക്സിൻ വിരുദ്ധ ലോബി ഇത് ഏറ്റെടുത്തുകഴിഞ്ഞു. വാക്സിൻ സ്വീകരിക്കരുതെന്നും സ്വീകരിക്കുന്നവർ മരിച്ചുപോകും എന്നും പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
ഇതുസംബന്ധിച്ച് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ നോർവീജിയൻ മെഡിക്കൽ ഏജൻസി (NOMA) ഡയറക്ടർ സ്റ്റെയ്നർ മാഡ്സൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് ഒന്നു നോക്കാം. “മേൽപ്പറഞ്ഞ മരണങ്ങളും പ്രസ്തുത വാക്സിനും തമ്മിൽ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ഈ മരണങ്ങൾ യാദൃശ്ചികമാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഈ മരണങ്ങളെ പറ്റി പോസ്റ്റ്മോർട്ടം പരിശോധന അടക്കമുള്ള എല്ലാവിധ ശാസ്ത്രീയ പരിശോധനകളും നടത്തി അന്വേഷണം നടത്തുമെന്ന് നോർവേ പ്രഖ്യാപിച്ചിട്ടുണ്ട്.”
ഇതുവരെ 13 മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പരിശോധന നടത്തിക്കഴിഞ്ഞു. ഇതുവരെ ലഭിച്ച സൂചനകൾ പ്രകാരം mRNA വാക്സിനുകൾ നൽകുമ്പോൾ സാധാരണയായി സംഭവിക്കാറുള്ള പനി, ഓക്കാനം, വയറിളക്കം എന്നീ തീവ്രത കുറഞ്ഞ പാർശ്വഫലങ്ങൾ മൂലം ഈ മരണങ്ങൾ നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും മരണപ്പെട്ട 23 ആളുകളും പ്രായാധിക്യം മൂലവും, മറ്റ് ഗുരുതരമായ രോഗങ്ങളാലും തീർത്തും അവശരായിരുന്നവരായിരുന്നു എന്നുമാണ്.
വാക്സിനേഷന് ശേഷം ചിലരിൽ ഉണ്ടായേക്കാവുന്ന ലഘുവായ പാർശ്വഫലങ്ങൾ, ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് യാതൊരു വിധ അപകടങ്ങളും ഉണ്ടാക്കില്ല എന്നതിനാൽ നോർവേയിൽ നിലവിൽ ഫൈസർ വാക്സിൻ നൽകുന്നത് നിർത്തിവച്ചിട്ടില്ല. നോർവേയിൽ ഇതുവരെ ഇരുപതിനായിരത്തിലധികം വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്.
സാധാരണ ഗതിയിൽ നോർവേയിൽ വൃദ്ധസദനങ്ങളിൽ പാർപ്പിച്ചിരിക്കുന്ന വയോധികർക്കിടയിൽ ആഴ്ചയിൽ 400 മരണങ്ങളോളം ഉണ്ടാവാറുണ്ട്. വാക്സിനേഷൻ നൽകിയതിനു ശേഷം ഈ മരണനിരക്കിൽ പറയത്തക്ക ഉയർച്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള വിശദാംശങ്ങൾ പരിശോധിച്ച് വരുന്നു. എന്നിരുന്നാലും ഇനി വൃദ്ധസദനങ്ങളിൽ വാക്സിനേഷൻ നൽകുമ്പോൾ ആ വ്യക്തികളുടെ പൊതുവായ ആരോഗ്യ സ്ഥിതിയും മറ്റു രോഗങ്ങളുടെ തീവ്രതയും പരിശോധിച്ചതിന് ശേഷം മാത്രമേ വാക്സിനേഷൻ നൽകേണ്ടതുള്ളൂ എന്നൊരു നിർദ്ദേശം NOMA നൽകിയിട്ടുണ്ട്.
ജർമനിയിൽ വാക്സിൻ സ്വീകരിച്ചവരിൽ നടന്ന പത്ത് മരണങ്ങളിലും Paul Ehrlich Institute വിശദമായ പഠനങ്ങൾ നടത്തി വരികയാണ്. ഇതുവരെയുള്ള ഡേറ്റ അവലോകനത്തിൽ നിന്നും ബ്രിട്ടനിലെ Medicine And Healthcare Products Regulatory Authority (MHRA) പറയുന്നത് ഈ വാക്സിനേഷനെ പറ്റി ആശങ്കകൾ ഒന്നുംതന്നെയില്ല എന്നാണ്. എല്ലാം രാജ്യങ്ങളിലും നിലവിൽ ഇതേ വാക്സിൻ നൽകൽ തുടർന്നു പോകുന്നുമുണ്ട്.
മുതിർന്നവർ, പ്രത്യേകിച്ച് വൃദ്ധസദനങ്ങളിൽ കഴിയുന്ന വയോധികർക്ക് വാക്സിനേഷനിൽ മുൻഗണന നൽകുകയാണ് നോർവേ പോലുള്ള പല രാഷ്ട്രങ്ങളും. മറ്റു ഗുരുതരരോഗങ്ങളുള്ളവരും മരണാസന്നരും ഉൾപ്പെടുന്ന ഈ ജനവിഭാഗങ്ങൾക്ക് ഉയർന്ന തോതിലാണ് ആദ്യ നാളുകളിൽ വാക്സിൻ നൽകുക. ഇവരിൽ വാക്സിൻ ലഭിച്ചതിന് ശേഷം ഉണ്ടാകാവുന്ന മരണങ്ങൾ വാക്സിനുമായി ബന്ധപ്പെടുത്തുന്നതിൽ സാംഗത്യമില്ല.
വാക്സിനുകളുടെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളിൽ ഒന്നാണ് mRNA വാക്സിൻ. ഫൈസർ ബയോൺടെക്, മോഡേണ എന്നീ കമ്പനികളുടെ വാക്സിൻ ഈ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയാണ്. ഈ രണ്ട് കമ്പനികളും മൂന്ന് ഫേസ് ക്ലിനിക്കൽ ട്രയലുകളും വിജയകരമായി പൂർത്തീകരിച്ചതാണ്. കോവിഡ് വൈറസിന്റെ സ്പൈക് പ്രോട്ടീൻ നിർമ്മിക്കാനാവശ്യമായ mRNA ഭാഗങ്ങൾ വാക്സിനിലൂടെ നമ്മുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു. നമ്മുടെ ശരീരത്തിൽ സ്പൈക് പ്രോട്ടീന് എതിരായ ആൻറിബോഡി നിർമ്മിക്കപ്പെടുകയും പ്രതിരോധശക്തി ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സാങ്കേതികവിദ്യ. അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, മധ്യേഷ്യ എന്നിവിടങ്ങളിലായി ഈ വാക്സിൻ ലക്ഷക്കണക്കിന് യൂണിറ്റ് നൽകി കഴിഞ്ഞു.
ഇപ്പോൾ ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്സിനുകളുടെ പട്ടികയിൽ ഇതില്ല. നിലവിൽ കേരളത്തിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് mRNA വാക്സിനല്ല. അതൊരു വൈറൽ വെക്ടർ വാക്സിനാണ്. കൂടുതൽ അറിയാൻ വേണ്ടി മുൻപോസ്റ്റുകൾ വായിക്കുക. നിലവിൽ ഇന്ത്യയിൽ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ നടന്നുകൊണ്ടിരിക്കുന്ന കോവാക്സിനും mRNA വാക്സിനല്ല. അതൊരു ഇൻആക്ടിവേറ്റഡ് വാക്സിനാണ്. താരതമ്യം ചെയ്താൽ വാക്സിനുകളുടെ ചരിത്രത്തിൽ ഏറ്റവും പഴയ സാങ്കേതിക വിദ്യകളിൽ ഒന്നാണ് ഇൻആക്ടിവേറ്റഡ് വാക്സിൻ.
ലഭ്യമായ വിവരങ്ങൾ അപഗ്രഥിക്കുമ്പോൾ നിലവിലെ അവസ്ഥയിൽ ആശങ്ക വേണ്ട എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സുരക്ഷാ സംബന്ധമായ എല്ലാ മുൻകരുതലുകളും സയൻസ് സ്വീകരിക്കുക തന്നെ ചെയ്യും. അത് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കില്ല എന്ന് മാത്രം. പകരം കൃത്യമായ, ശാസ്ത്രീയമായ നിരീക്ഷണങ്ങളും പഠനങ്ങളും തുടരുകയും സമൂഹത്തിന് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും.
ഇത്തരം വാർത്തകൾ കൊടുക്കരുതെന്നോ പൂഴ്ത്തണമെന്നോ അല്ല ഉദ്ദേശിക്കുന്നത്. ലോകം മുഴുവൻ ഉറ്റു നോക്കുന്ന ഒരു വാക്സിനേഷൻ യത്നത്തിൽ അത് സാധ്യവുമല്ല, അഭിലഷണീയവുമല്ല. എന്നാൽ അർധ സത്യങ്ങളും വളച്ചൊടിക്കപ്പെട്ട വിവരങ്ങളും സമൂഹവിരുദ്ധർക്ക് ആയുധമാക്കാനുതകുന്ന വഴി തെറ്റിക്കുന്ന തലക്കെട്ടുകളും പ്രചരിപ്പിച്ച് വാക്സിനേഷൻ പദ്ധതിയെ തുരങ്കം വെക്കാൻ ശ്രമിക്കുന്നവരെ നാം കരുതിയിരക്കണം.
എഴുതിയത്: Dr. Kiran Narayanan, Dr. Anjit Unni & Jinesh P S
Info Clinic