തിരുവനന്തപുരം: മലബാർ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിച്ച് അപകടം. തീയും പുകയും ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തിയതോടെ വലിയ ദുരന്തം ഒഴിവായി. ഉടൻ തന്നെ തീയണയ്ക്കാനായത് നഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം.
മലബാർ എക്‌സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടൻ തന്നെ ചങ്ങല വലിച്ച് റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ തീയണക്കാൻ കഴിഞ്ഞു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളിൽ നിന്ന് പെട്ടെന്ന് തന്നെ വേർപ്പെടുത്തിയതോടെ മറ്റ് ബോഗികളിലേക്ക് തീപിടിച്ചില്ല.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത്. അധികംവൈകാതെ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. വർക്കലയിൽ തീവണ്ടി നിർത്തിയിട്ടിരിക്കുകയാണ്.
തീപ്പിടിത്തമുണ്ടായ പാഴ്‌സൽ ബോഗിയിൽ ബൈക്കുകളുണ്ടായിരുന്നു. ഇവ തമ്മിലുരസിയുള്ള തീപ്പൊരിയിൽ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരെ തീവണ്ടിയിൽ നിന്ന് പുറത്തേക്കിറക്കി. ആർക്കും പരിക്കുകളില്ല. യാത്രക്കാർ സുരക്ഷിതരാണ്. യാത്രക്കാരെ തിരികെ തീവണ്ടിയിൽ കയറ്റി ഉടൻ തന്നെ യാത്രപുറപ്പെടും.