തിരുവനന്തപുരം: കാഴ്ച മറയ്ക്കുന്ന തരത്തില്‍ കൂളിങ് ഫിലീമും കര്‍ട്ടനുമിട്ട വാഹനങ്ങള്‍ക്ക് നാളെ മുതല്‍ പിടിവീഴും. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് നാളെ മുതല്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും.
ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ ലംഘിച്ചു കൊണ്ട് കൂളിംഗ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഫിലീമും കര്‍ട്ടനും നീക്കാത്ത വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കും. ഈ വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തും.
നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് ഇ-ചെല്ലാന്‍ വഴിയാകും പെറ്റി ചുമത്തുക. ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും മന്ത്രിമാരടക്കമുള്ളവര്‍ കര്‍ട്ടനും ഫിലീമും നീക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
അതേസമയം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെതാണ് ഉത്തരവ്.