കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടാകും ജേക്കബ് തോമസ് മത്സരിക്കുന്നത്. ജേക്കബ് തോമസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍ഡിഎഫിനും യുഡിഎഫിനും ഇഷ്ടമല്ല. പിന്നെ എന്‍ഡിഎ മാത്രമേയുള്ളൂ. അതിന്റെ സന്ദേശം എന്‍ഡിഎ അഴിമതിവിരുദ്ധ നിലപാട് കേരളത്തില്‍ ഉണ്ടാകുമെന്ന് തന്നെ ആയിരിക്കും- ജേക്കബ് തോമസ് പറഞ്ഞു. ന്യൂനപക്ഷ വോട്ടുകളും ഇത്തവണ പാര്‍ട്ടിക്ക് അനുകൂലമാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ട്വന്റി-20യുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് മത്സരിക്കാന്‍ ജേക്കബ് തോമസ് ഒരുങ്ങിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിആര്‍എസ് അംഗീകരിക്കാതിരുന്നതിനാല്‍ ജേക്കബ് തോമസിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. വിരമിച്ചതോടെയാണ് ജനവിധി തേടാന്‍ ജേക്കബ് തോമസ് ഒരുങ്ങുന്നത്.
2016-ല്‍ 59,000 വോട്ടുകള്‍ നേടി സിപിഎം വിജയിച്ച ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ബിജെപിക്ക് 30,420 വോട്ടാണ് ലഭിച്ചത്. ഇക്കുറി മണ്ഡലത്തില്‍ ബിജെപി വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. ജേക്കബ് തോമസിനെ ഇറക്കിയാല്‍ മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് ബിജെപി കണക്കു കൂട്ടല്‍.
Discussion about this post