കേരള ചരക്കുസേവന നികുതി ഭേദഗതി നിയമം നിയമസഭ പാസാക്കി; ചെറുകിട വ്യാപാരികള്‍ക്ക് ആശ്വസിക്കാം

ആകെ വിറ്റുവരവിന്റെ 10 ശതമാനം വരെ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരികള്‍ക്കും കോമ്പൗണ്ടിംഗ് അനുവദിക്കും

തിരുവനന്തപുരം: ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കേരള ചരക്കു സേവന നികുതി ഭേദഗതി നിയമം നിയമസഭ പാസാക്കി. ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്പൗണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങളും നിയമഭേദഗതിയില്‍ വരുത്തി.

ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര ചരക്കു സേവന നികുതി നിയമത്തില്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിക്ക് തുല്യമായിട്ടാണ് ഈ മാറ്റം. ആകെ വിറ്റുവരവിന്റെ 10 ശതമാനം വരെ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരികള്‍ക്കും കോമ്പൗണ്ടിംഗ് അനുവദിക്കും.

റിവേഴ്സ് ചാര്‍ജ്ജ് പ്രകാരം നികുതി നല്‍കേണ്ട ചരക്കുകളും സേവനങ്ങളും ജിഎസ്ടി കൗണ്‍സിലിന്റെ നോട്ടിഫിക്കേഷന്‍മൂലം തീരുമാനിക്കും. ഇനി മുതല്‍ വ്യാപാരികളുടെ ബ്രാഞ്ചുകള്‍ക്കും പ്രത്യേക രജിസ്ട്രേഷന്‍ ലഭിക്കും. സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ വ്യാപാരം നടത്തുന്നവര്‍ പ്രത്യേക ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കേണ്ടിവരും.
പ്രത്യേക സാഹചര്യങ്ങളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ സസ്പെന്റ് ചെയ്യാനുള്ള അധികാരം രജിസ്ട്രേഷന്‍ അധികാരികള്‍ക്ക് നല്‍കുന്നതുമാണ് സംസ്ഥാനം വരുത്തിയ പ്രധാന മാറ്റങ്ങള്‍.

കൂടാതെ, ജിഎസ്ടി നിയമം പാസാക്കിയപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള റിട്ടേണുകളില്‍ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം വ്യാപാരികള്‍ നല്‍കേണ്ട ലളിതമായ റിട്ടേണുകള്‍ നിര്‍ദ്ദേശിക്കുവാന്‍ ജിഎസ്ടി കൗണ്‍സിലിന് അധികാരം നല്‍കിയിട്ടുണ്ട്.

എല്ലാ ഇ കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശിച്ചിരുന്ന നിര്‍ബന്ധിത രജിസ്ട്രേഷന്‍ ഉത്ഭവസ്ഥാനത്ത് നികുതി പിരിക്കാന്‍ ബാധ്യതപ്പെട്ട ഇകൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമായി ചുരുക്കി. ഓരോ ഇന്‍വോയ്സിലും ക്രെഡിറ്റ്-ഡെബിറ്റ് നോട്ട് നല്‍കാനുള്ള വ്യവസ്ഥ ലഘൂകരിച്ച് ക്രോഡീകരിച്ച ക്രെഡിറ്റ് – ഡെബിറ്റ് നല്‍കാനുള്ള വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തി.

അപ്പലേറ്റ് അധികാരികളുടെ ഫയല്‍ ചെയ്യുന്ന കേസുകളില്‍ അടയ്ക്കേണ്ടത്, തര്‍ക്കമുള്ള തുകയുടെ 10 ശതമാനമോ പരമാവധി 25 കോടി രൂപയായോ പുതുക്കി നിശ്ചയിച്ചു. ഇത് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്യുന്ന കേസുകളില്‍ തര്‍ക്കമുള്ള തുകയുടെ 20 ശതമാനമോ പരമാവധി 50 കോടി രൂപയോ മാത്രമായിരിക്കും.

ജോബ് വര്‍ക്കിനു നല്‍കുന്ന ചരക്കുകളില്‍ സാധാരണ ചരക്കുകള്‍ ഒരു വര്‍ഷത്തിനകവും മൂലധന ചരക്കുകള്‍ മൂന്നു വര്‍ഷത്തിനകവും വര്‍ക്ക് പൂര്‍ത്തീകരിച്ചു നല്‍കണമെന്നായിരുന്നു മുന്‍വ്യവസ്ഥ. ഭേദഗതി പ്രകാരം ഈ പരിധി സാധാരണ ചരക്കുകള്‍ക്ക് ഒരു വര്‍ഷവും മൂലധന ചരക്കുകള്‍ക്ക് രണ്ട് വര്‍ഷവുംകൂടി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ കമ്മീഷണര്‍ക്ക് അധികാരം ലഭിക്കും.

കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലോ നിയമ പ്രകാരം നിയമിച്ചിട്ടുള്ള ഓഡിറ്റര്‍മാരോ ഓഡിറ്റ് ചെയ്യുന്ന കേന്ദ്രസംസ്ഥാന ലോക്കല്‍ അതോറിറ്റികള്‍ക്ക് ഇനി മുതല്‍ ജിഎസ്ടി നിയമത്തില്‍ പറഞ്ഞിട്ടുള്ള പ്രത്യേക കണക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കേണ്ടതില്ല. റിട്ടേണുകളില്‍ ക്ലൈം ചെയ്യുന്ന ഇന്‍പുട്ട് ടാക്സ് കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ബാധ്യത ഇനി മുതല്‍ വ്യാപാരികള്‍ക്കും കൂടിയായിരിക്കും.

നികുതിയും പിഴയും നല്‍കാത്ത വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള സമയപരിധി ഏഴ് ദിവസത്തില്‍ നിന്നും 14 ദിവസമായി വര്‍ദ്ധിപ്പിക്കുമെന്ന മാറ്റവും വരുത്തിയിട്ടുണ്ട്. പുതിയ ഭേദഗതിയോടെയുള്ള മാറ്റങ്ങള്‍ നിലവില്‍ വരുന്ന തീയതി സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കും.

Exit mobile version