തൃശ്ശൂർ: അന്തരിച്ച നടൻ കലാഭവൻ മണിയുടെ നാടിനേയും നാട്ടുകാരേയുമൊക്കെ പരിചയപ്പെടുത്താനായി വീഡിയോ എടുക്കുന്ന വ്ളോഗർമാരിൽ ചിലരുടെ വ്യാജപ്രചാരണങ്ങളിൽ വിഷമമുണ്ടെന്ന് സഹോദരൻ. കുടുംബത്തെ നോവിക്കുന്ന തരത്തിലാണ് പലരുടേയും പ്രചാരണമെന്നും അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു.
സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും ഇവിടെ വ്ളോഗ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു.
ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ:
ഈ അടുത്ത കാലത്ത്, കോവിഡിനിടക്ക് തന്നെ. വളരെയധികം ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ് വ്ളോഗർമാരുടേത്. ഇവരുടെ ഒരു നീണ്ട നിര തന്നെയാണ് ചാലക്കുടിയിലേക്ക് എത്തുന്നത്. അതിൽ വളരെ സന്തോഷം ഉണ്ട്. മറ്റൊന്നുമല്ല മണിചേട്ടന്റെ വീടും നാടും ഒക്കെ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെയധികം സന്തോഷം തന്നെയാണ്. പക്ഷേ. ഇത്തരം വ്ളോഗുകൾ അവതരിപ്പിക്കുന്നവർ യാതൊരു വിധത്തിലുള്ള സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞ് കൊണ്ടല്ല ഇത് ചെയ്യുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് പറയുന്നുണ്ട്. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് ആദ്യം നിങ്ങൾ മനസിലാക്കുക. മണിച്ചേട്ടൻ, ഞങ്ങളുടെ മൂത്തസഹോദരൻ വേലായുധൻ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണത്. നൂറ് എന്ന നമ്പറിലാണ് ആ വണ്ടി റജിസ്റ്റർ ചെയ്തത് എന്നത് ശരിയാണ്. മണിച്ചേട്ടൻ ഓടിച്ചിരുന്നത് ലാംബെർട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകൾ ഇന്ന് ഇല്ല. ആ കാലം ഏതായിരുന്നുവെന്ന് ഒന്നു ചിന്തിച്ചാൽ തന്നെ നിങ്ങൾക്കു മനസിലാകും.
ഇവിടെ ഒരു കാരവാൻ കിടപ്പുണ്ട്. അത് തമിഴ്നാട് റജിസ്ട്രേഷൻ ആണ്. പ്രളയത്തിൽ മുങ്ങിപ്പോയത് കൊണ്ടാണ് അത് ഉപയോഗശൂന്യമായത്. മറ്റ് കാര്യങ്ങൾ പടിപടിയായി ചെയ്ത് വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്പത്തികഭദ്രത പോലെയാണ് ചഈ അടുത്ത് വേറൊരു വീഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളിൽ നിന്നും അദൃശ്യനായ ഒരാൾ നോക്കുന്നു, എന്നു പറഞ്ഞൊരു വിഡിയോ. ഇത് ചൊയ്യാൻ വന്നയാളുടെ ഭാര്യയുടെ ഫോട്ടോയും മറ്റ് പലരൂപത്തിലും അവതരിപ്പിച്ചതായി കാണുന്നുണ്ട്. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്ന കാരയങ്ങളാണ്. ആ വീഡിയോ കണ്ടാൽ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളിൽ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടിൽ ആരൊക്കെയോ ഉണ്ടെന്ന തരത്തിൽ കുപ്രചരണം നടത്തുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.
Discussion about this post