തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ തൊഴിലുറപ്പ് മേഖലയ്ക്കും കൈതാങ്ങ്. തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ടിഎം തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പതിനാല് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചു.
നിലവില്‍ ശരാശരി 55 ഓളം പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നത്. ശരാശരി 75 ദിവസത്തെയെങ്കിലും തൊഴില്‍ നല്‍കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2021-22 ല്‍ 4087 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരി മാസത്തില്‍ രൂപംകൊള്ളും. ഇതിനുള്ള കരട് നിയമം തയ്യാറായി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ഷത്തില്‍ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. മറ്റ് പെന്‍ഷന്‍ പദ്ധതിയില്‍ ഇല്ലാത്തവര്‍ക്ക് അറുപത് വയസ് മുതല്‍ പെന്‍ഷന്‍ നല്‍കും. ഇനി മുതല്‍ ഫെസ്റ്റിവല്‍ അലവന്‍സ് ക്ഷേമനിധി വഴിയായിരിക്കും നല്‍കുക. 75 ദിവസം പണിയെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകുമെന്നും മന്ത്രി തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.