തിരുവനന്തപുരം: കോവിഡ് മഹാമാരി ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ആറാം ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി ടൂറിസം സംരംഭകർക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പയും ഹൗസ് ബോട്ടുകൾക്ക് വായ്പ നൽകുകയും ചെയ്തതായും മന്ത്രി അറിയിച്ചു. കെടിഡിസിയിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനായി 35 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചു.
ഇത്തരത്തിൽ പഠനടൂറുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിലെ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ ബജറ്റിൽ വകയിരുക്കിയിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.
മൂന്നാർ ടൂറിസത്തിലെ കൗതുകത്തിനായി നിന്നുപോയ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിനായി ടാറ്റ എസ്റ്റേറ്റ് അധികൃതരുമായി ചർച്ച നടത്തുകയും ഭൂമി ലഭ്യമാക്കുന്നതിനുള്ള സാധ്യത തെളിയുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
ടൂറിസം മേഖലയിലെ തൊഴിലാളികൾക്കായി കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളാ ടൂറിസം മേഖല ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഹെറിറ്റേജ് സ്‌പൈസ് റൂട്ട് ടൂറിസം പ്രൊജക്ടുകളിലാണ്. മുസിരീസ്-ആലപ്പുഴ-തലശേരി പൈതൃക പദ്ധതികൾക്ക് പുറമെ, തിരുവനന്തപുരവും കോഴിക്കോടും ഈ പദ്ധതിയുടെ ഭാഗമാകും. ഈ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായി 40 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.
വിനോദ സഞ്ചാരത്തിന് പുറമെ, അനൗപചാരിക വിദ്യാഭ്യാസവും കേരള തനിമയിൽ അഭിമാനബോധം സൃഷ്ടിക്കലുമാണ് ടൂറിസത്തിന്റെ ലക്ഷ്യം. ഇതിനായി മുസരീസ് പദ്ധതി പ്രദേശം സന്ദർശിക്കുന്നതിനും ആവശ്യമായ പഠനം നടത്തുന്നതിനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.